പാലായില്‍ സമാധാന യോഗം; സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാട്ടണം; മതസൗഹാര്‍ദം തകര്‍ക്കരുത് 

നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെങ്കില്‍ കണ്ടേത്തണ്ടത് സര്‍ക്കാരാണ്. പ്രദേശത്തിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണം.
സിഎസ്‌ഐ ബിഷപ്പും താഴത്തങ്ങാടി ഇമാമും മാധ്യമങ്ങളെ കാണുന്നു
സിഎസ്‌ഐ ബിഷപ്പും താഴത്തങ്ങാടി ഇമാമും മാധ്യമങ്ങളെ കാണുന്നു

കോട്ടയം: മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ആഹ്വാനവുമായി പാലായില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാനയോഗം. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദത്തിന് പിന്നാലെയാണ് പൊലീസ് വിവിധ സമുദായ സംഘടനകളെ വിളിച്ചുചേര്‍ത്ത് യോഗം സംഘടിപ്പിച്ചത്.

കലക്ക് വെളളത്തില്‍ മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാകൂട്ടത്തിലുമുണ്ട്. സര്‍ക്കാര്‍ ഇരുകൂട്ടരെയും ഒന്നിച്ച് ഇരുത്തി ചര്‍ച്ച നടത്തണമെന്ന് സിഎസ്‌ഐ ബിഷപ്പ് ഡോ. സാബു കോശി ചെറിയാന്‍ പറഞ്ഞു. എല്ലാ തെറ്റായ പ്രവണതകളെയും എതിര്‍ക്കേണ്ടതാണ്. പാലാ ബിഷപ്പിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. പരാമര്‍ശത്തില്‍ പാലാ ബിഷപ്പാണ് ബിഷപ്പാണ് മറുപടി പറയേണ്ടത്. ആരും അവരുടെ തെറ്റായ ആഹ്വാനങ്ങളില്‍ വശംവദരാവരുത്. എല്ലാ വിഭാഗങ്ങളിലും തത്പരകക്ഷികളുണ്ട്.അവര്‍ക്ക്  ഒരു ലക്ഷ്യം മാത്രെമെയുള്ളു. അത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യമാണ്. ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതാണെന്ന് ബിഷപ്പ് പറഞ്ഞു. അത് ഹിന്ദു ചെയ്താലും ക്രൈസ്തവര്‍ ചെയ്താലും മുസ്ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാലാബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിഷപ്പിന്റെ ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് ശരിയായിരുന്നോ എന്ന് മുസ്ലീം സംഘടനകള്‍ പരിശോധിക്കണമെന്ന് താഴത്തങ്ങാടി ഇമാം ഇലോപാലം ഷംസുദ്ദീന്‍ പറഞ്ഞു. സമാധാനശ്രമമാണ് ഉണ്ടാവേണ്ടത്. മുസ്ലീം സംഘടനകളുടെ പ്രകടനം ഒഴിവാക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി  താഴത്തങ്ങാടി ഇമാം ആരോപിച്ചു. അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക് യോഗത്തില്‍ ധാരണയായി. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെങ്കില്‍ കണ്ടേത്തണ്ടത് സര്‍ക്കാരാണ്. പ്രദേശത്തിന്റെ ശാന്തിയും സമാധാനവും നിലനിര്‍ത്തണം. സാഹചര്യങ്ങളെ മുതലെടുക്കുന്നവരോട് ജാഗ്രത കാട്ടണമെന്നും യോഗത്തില്‍ വിവിധ നേതാക്കള്‍ പറഞ്ഞു. 

മതസാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com