പത്തുവര്‍ഷത്തെ ഒറ്റമുറി ജീവിതം; സജിതയും റഹ്മാനും വിവാഹിതരായി, പൂച്ചെണ്ടുമായി എംഎല്‍എ

വിത്തനശ്ശേരിയില്‍ വാടക വീട്ടീല്‍ കഴിയുന്ന ഇരുവരും സജിതയുടെ മാതാപിതാക്കളായ വേലായുധനും ശാന്തയ്ക്കും ഒപ്പമാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്
സജിതയും റഹ്മാനും വിവാഹത്തിന് എത്തിയപ്പോള്‍
സജിതയും റഹ്മാനും വിവാഹത്തിന് എത്തിയപ്പോള്‍

നെന്മാറ: പത്ത് വര്‍ഷത്തെ ഒറ്റമുറി ജീവിതത്തിനൊടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി. ബുധനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാര്‍ കെ.സുധീര്‍ മുന്‍പാകെയാണ് വിവാഹിതരാകുന്നതിനായി അപേക്ഷ സമര്‍പ്പിച്ചത്. വിത്തനശ്ശേരിയില്‍ വാടക വീട്ടീല്‍ കഴിയുന്ന ഇരുവരും സജിതയുടെ മാതാപിതാക്കളായ വേലായുധനും ശാന്തയ്ക്കും ഒപ്പമാണ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. ഓഫീസിനു മുന്നില്‍ ഇരുവര്‍ക്കും കെ ബാബു എംഎല്‍എ പൂച്ചെണ്ടും ഉപഹാരവും നല്‍കി.

റഹ്മാനൊപ്പം വീട്ടുകാര്‍ പോലുമറിയാതെ ഒറ്റമുറിയില്‍ പത്തുവര്‍ഷം കഴിഞ്ഞ സജിതയുടെ ജീവിതം വലിയ ചര്‍ച്ചയായിരുന്നു. 2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. സജിതയെ റഹ്മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.  

2021 മാര്‍ച്ചില്‍ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരന്‍ റഹ്മാനെ നെന്മാറയില്‍വെച്ച് കാണുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വര്‍ഷത്തെ ചരിത്രം പുറംലോകമറിഞ്ഞത്.

കഴിഞ്ഞ ആറുമാസമായി ഒരുമിച്ച് കഴിഞ്ഞുവന്ന ഇരുവര്‍ക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയ ഇരുവരും എല്ലാവര്‍ക്കും മധുരം നല്‍കുകയും ചെയ്തു. വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വീട്ടുകാര്‍ ഒപ്പമില്ലാത്തതില്‍ വിഷമമുണ്ടെന്നും അവരും മനസ്സുമാറി വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും റഹ്മാനും സജിതയും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com