രക്തം നക്കി കുടിക്കുന്ന ചെന്നായയുടെ മനസ്: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 11:33 AM  |  

Last Updated: 16th September 2021 11:33 AM  |   A+A-   |  

Narcotic jihad

കെ സുധാകരന്‍ മാധ്യമങ്ങളോട് / ടെലിവിഷന്‍ ചിത്രം

 

കോട്ടയം: പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ സമവായത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പകരം ഇത് അവസരമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ചങ്ങനാശേരി ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുധാകരന്‍.

പ്രദേശത്ത് സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. പകരം തമ്മിലടിക്കുന്നത് കണ്ട് രക്തം നക്കി കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കഴുകനെ പോലെ, അല്ലെങ്കില്‍ ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഉച്ചയ്ക്ക് പാല ബിഷപ്പിനെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനല്‍കിയതായി കെ സുധാകരന്‍ പറഞ്ഞു. മതേതരത്വത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസ്. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ഉണ്ടാവും. എന്നാല്‍ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതില്ല. മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.