മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 12:12 PM  |  

Last Updated: 16th September 2021 12:20 PM  |   A+A-   |  

k-surendran

ഫയല്‍ ചിത്രം

 

കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്ന കേസില്‍ നേരിട്ട് ഹാജരാവാന്‍ സുരേന്ദ്രന് കൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് നോട്ടീസ് നല്‍കിയത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. 

കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയാണ് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും നേരത്തെ അന്വേഷണസംഘം രേഖപ്പടുത്തിയിരുന്നു. സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുത്തിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. 

ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജില്ലാ െ്രെകംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.