മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 06:41 AM  |  

Last Updated: 16th September 2021 06:41 AM  |   A+A-   |  

K Surendran

കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാനാണ് സുരേന്ദ്രന് നിർദേശം നൽകിയിട്ടുള്ളത്. 

മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതിക്കാരന്‍. 

പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന്  IPC 171 B, E വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.