ഏഴുദിവസം കഴിഞ്ഞാല്‍ പരിശോധന, നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; ക്വാറന്റൈനില്‍ ഇളവ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 02:38 PM  |  

Last Updated: 16th September 2021 02:38 PM  |   A+A-   |  

COVID GUIDELINES FOR GOVERNMENT EMPLOYEES

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി. കോവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.

നിലവില്‍ കോവിഡ് ബാധിച്ചവരെ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്. ഇതിലാണ് മാറ്റം വരുത്തിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ഭേദമായവരാണെങ്കില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും. തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.