'പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്, വിളിപ്പിച്ചത് നന്നായി'- കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 08:35 PM  |  

Last Updated: 16th September 2021 08:35 PM  |   A+A-   |  

P_K_Kunhalikutty_3x2zxcz

ഫയല്‍ ചിത്രം

 

കൊച്ചി: ചന്ദ്രികയ്ക്കെതിരായ ആരോപണത്തിൽ ഇഡിക്ക് വിവരങ്ങൾ നൽകിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. തന്നെ വിളിപ്പിച്ചത് നന്നായെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചെന്നും സാക്ഷിയെന്ന നിലയിലാണ് വിവരങ്ങൾ തേടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നരയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ കുഞ്ഞാലിക്കുട്ടി ഏഴേ മുക്കാലോടെയാണ് മടങ്ങിയത്. 

അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങൾക്കായി ചന്ദ്രിക പത്രത്തിന്റെ ഫിനാൻസ് മാനേജർ സമീറിനെയും എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. കേസിൽ മൊയിൻ അലി ശിഹാബ് തങ്ങളെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധന കാലത്ത് പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിപ്പണമായ 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിൻറെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടിൽ നിന്ന്  പിൻവലിച്ച പണം ഉപയോഗിച്ച്  പാണക്കാട് കുടുംബാംഗങ്ങളുടെ  പേരിൽ ഭൂമി ഇടപാട് നടത്തിയെന്ന പരാതിയും എൻഫോഴ്സ്മെന്റിന് മുന്നിലുണ്ട്.  

'എന്നെ വിളിപ്പിച്ചത് നന്നായി. പലരും പല കള്ളങ്ങളും എഴുതിക്കൊടുത്തിട്ടുണ്ട്. ഇഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി, സാക്ഷി എന്ന നിലയിലാണ്  വിവരങ്ങൾ തേടിയത്.' 

ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്സ്മെൻറ് അന്വേഷിക്കുന്ന ഈ കേസിലാണ് മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ പികെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അക്കൗണ്ടിൽ നിന്ന് പിൻവലിച്ച പണത്തിന്റെ ഉറവിടവും ഭൂമി ഇടപാടും എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്. 

അതിനിടെ ചന്ദ്രിക പത്രത്തിൻറെ ഫിനാൻസ് മാനേജർ സമീറിനെയും ഇഡി ചോദ്യം ചെയ്തു. പത്രത്തിൻറെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ജീവനക്കാരുടെ മുടങ്ങിക്കിടന്ന ശമ്പളവും പിഎഫ് വിഹിതവും നൽകുന്നതിനാണെന്നാണ് സമീറിൻറെ മൊഴി. പിൻവലിച്ച പണമുപയോഗിച്ച് ഭൂമി വാങ്ങിയതായി തനിക്ക് അറിയില്ലെന്നും പാലാരിവട്ടം പാലം അഴിമതിയിൽ ലഭിച്ച പണമല്ല ഇതെന്നും സമീർ മൊഴി നൽകിയിട്ടുണ്ട്. പണം സംബന്ധിച്ച രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും സമീർ കൈമാറി.