പൂന്തുറ സിറാജ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 05:36 PM  |  

Last Updated: 16th September 2021 06:27 PM  |   A+A-   |  

poonthura_siraj

പൂന്തുറ സിറാജ്‌

 

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്(57) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവാണ്. 2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. 

മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് സിറാജ് മത്സരിച്ചത്.. 2005ല്‍ പിഡിപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സമയത്താണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്നു പിഡിപി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്ന സിറാജ് പിന്നീട് പിഡിപിയിലേക്കു മടങ്ങിയെത്തി. തിരിച്ചെത്തിയ സിറാജിനെ സംസ്ഥാന വൈസ് പ്രസിഡന്റായി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നാമനിര്‍ദേശം ചെയ്യുകയായിരുന്നു. 

സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് പിഡിപി വിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി. ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മത്സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.

അടുത്തിടെ പിഡിപിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിക്ക് കത്തു നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വൈസ് ചെയര്‍മാനായി നിയമിച്ചു.