''എംപിയ്ക്ക്  സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലറുണ്ടോ?; അത് കാണിക്കട്ടെ''; സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 10:18 AM  |  

Last Updated: 16th September 2021 11:19 AM  |   A+A-   |  

suresh gopi

ഫയല്‍ ചിത്രം

 

കോട്ടയം: സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിലെത്തി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മതത്തെ പറ്റിയും ബിഷപ്പ് പരാമര്‍ശം നടത്തിയിട്ടില്ല. വിവിധ സാമൂഹിക വിഷയങ്ങളാണ് ബിഷപ്പ് ഉന്നയിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ടതായ കാര്യങ്ങളുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. നര്‍ക്കോട്ടിക് എന്ന വൃത്തികെട്ട വാക്കുകള്‍ ഒന്നും തന്റെ അടുത്ത് ഉപയോഗിക്കരുത്. അദ്ദേഹം വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ല. തീവ്രവാദം എന്നു പറയുമ്പോഴെക്കും അത് ഞങ്ങളെയാണെന്ന് ഒരു മതവിഭാഗം പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്ന് സുരേഷ് ഗോപി ചോദിച്ചു.

സല്യൂട്ട് നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം പാടില്ല. പൊലീസ് അസോസിയേഷന്റെ നിലപാട് രാഷ്ട്രീയ വിവേചനമാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ ? പൊലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അസോസിയേഷനോ, ആരുടെ അസോസിയേഷന്‍ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. 'ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.'- അദ്ദേഹം പറഞ്ഞു. 

സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാന്‍ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.