ചേവായൂരിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 10:14 PM  |  

Last Updated: 17th September 2021 10:14 PM  |   A+A-   |  

Five people arrested

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ചേവായൂരിൽ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ അഞ്ച് പേർ അറസ്റ്റിൽ. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പാറോപ്പടി -ചേവരമ്പലം റോഡിന് സമീപമാണ് കേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. 

ബേപ്പൂർ അരക്കിണർ റസ്വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ തൂവാട്ട് താഴ വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിൽ നരിക്കുനി സ്വദേശിയായ ഷഹീൻ എന്നയാൾ വീട് വാടകക്കെടുത്ത പെൺവാണിഭം നടത്തിവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു. വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പൊലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്താണ് അഞ്ച് പേരെ പിടികൂടിയത്. 

ഷഹീൻ മുൻപും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ പെൺവാണിഭ കേന്ദ്രങ്ങളിൽ ഷഹീൻ എത്തിച്ചിരുന്നെന്നും ഇവരുമായി ഇടപാടുകൾ നടത്തിയ കസ്റ്റമർമാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. ഈ കേസിൽ ഇനിയും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.