''ഇത് തന്നെയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ പറയുന്ന ലൗ ജിഹാദ്; ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണം''; കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2021 12:52 PM  |  

Last Updated: 17th September 2021 12:52 PM  |   A+A-   |  

k_surendran

കെ സുരേന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു

 

കോഴിക്കോട്: ലൗ ജിഹാദ് ഉണ്ടെന്ന് സമ്മതിക്കാന്‍ എന്തുകൊണ്ടാണ് സിപിഎം പരസ്യമായി തയ്യാറാകാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കലാലയങ്ങളില്‍ പെണ്‍കുട്ടികളെ വശംവദകളാക്കി മതപരിവര്‍ത്തനത്തിന് ശ്രമം നടക്കുന്നുവെന്നുവരെ പറഞ്ഞുവെക്കുന്ന സിപിഎം, ഇത് തന്നെയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനാണ് മടികാണിക്കുന്നതെന്ന്‌ കെ സുരേന്ദ്രന്‍ ചോദിച്ചു. 

പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞപ്പോള്‍ സിപിഎം എടുത്ത നിലപാട് എല്ലാവരും കണ്ടതാണ്. പത്തുവര്‍ഷത്തിലധികമായി ഭീകരവാദ ശക്തികള്‍ ലവ് ജിഹാദിനെ ഉപയോഗിച്ച് മതം മാറ്റം നടത്തുന്നുവെന്ന് പറഞ്ഞപ്പോള്‍ അതിനെതിരായ നയമാണ് സിപിഎം സ്വീകരിച്ചത്. സിപിഎം റിപ്പോര്‍ല്‍ ഇക്കാര്യം കണ്ടെത്തിയങ്കെില്‍ അത് തന്നെയാണ് ലൗ ജിഹാദ് എന്ന് തുറന്നുസമ്മതിക്കാന്‍ അവര്‍ തയ്യാറാകണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തിലെ ഇരട്ടത്താപ്പ് സിപിഎം നേതൃത്വം ഒഴിവാക്കണം. ശരിയായ അന്വേഷണം നടത്തണം. ഭീകരവാദശക്തികളുടെ സ്വാധീനം കേരളത്തില്‍ വര്‍ധിച്ച് വരികയാണെന്നും അതിനായി ലൗജിഹാദ് ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.