മൊബൈലിൽ ഗെയിം നിർത്തി ട്യൂഷന് പോകാൻ പറഞ്ഞു, ഏഴ് വയസുകാരൻ വീടുവിട്ടിറങ്ങി; മിഠായി നൽകി തിരിച്ചെത്തിച്ച് പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 05:20 PM  |  

Last Updated: 18th September 2021 05:20 PM  |   A+A-   |  

mobile_game_boy

പ്രതീകാത്മക ചിത്രം

 

കോട്ടയം: ‍വീട്ടുകാരോട് പിണങ്ങി ഇറങ്ങി പോയ ഏഴ് വയസുകാരനെ മിഠായി നൽകി തിരികെ വീട്ടിൽ എത്തിച്ച് പൊലീസ്. കോട്ടയം ഏറ്റുമാനൂരിൽ കൈപ്പുഴയിലാണ് സംഭവം‌. മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് കളി അവസാനിപ്പിച്ച് ട്യൂഷന് പോകാൻ പറഞ്ഞതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. 

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ട്യൂഷൻ ഉണ്ടായിട്ടും കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്നതോടെ കളി അവസാനിപ്പിച്ച്  ട്യൂഷന് പോകാൻ രക്ഷിതാക്കൾ നിർദ്ദേശിച്ചു. ഇത് കേൾക്കാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധപൂർവ്വം ട്യൂഷന് പോകാൻ പറഞ്ഞതോടെ ഏഴുവയസുകാരൻ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. സമീപ വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 

അര മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയുടെ വിവരമൊന്നും കിട്ടാതായതോടെയാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിനിടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതിനിടയിലാണ് വീടിന് ഒരു കിലോമീറ്റർ അകലെയായി ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.  കുട്ടിയോട് വിവരങ്ങൾ ചോദിച്ചപ്പോൾ കാണാതായ ആൾ തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചു. മിഠായി നൽകിയാണ് കുട്ടിയെ തിരികെ വീട്ടിൽ എത്തിച്ചത്.