പ്ലസ് വണ്‍ പരീക്ഷ അടുത്ത ആഴ്ച ആരംഭിച്ചേക്കും; തീയതിയില്‍ ഇന്ന് തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 06:24 AM  |  

Last Updated: 18th September 2021 06:24 AM  |   A+A-   |  

new time table for plus one exam

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം:  സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പ്ലസ് വൺ പരീക്ഷ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും. ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. 

10 ദിവസത്തിനകം പരീക്ഷ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മാനദണ്ഡങ്ങൾ പാലിച്ച് പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്താൻ സുപ്രീം കോടതി വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. ഇതോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വെള്ളിയാഴ്ച വൈകിട്ടു തന്നെ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച തുടങ്ങി. 

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം തൃപ്തികരമാണെന്നും പരീക്ഷ നടത്തരുതെന്ന ഹർജി തള്ളുകയാണെന്നും ജസ്റ്റിസ് എം.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ വിശദീകരിച്ച് സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമെന്ന് കോടതി വിലയിരുത്തി.

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിജയകരാമായി നടത്തിയതെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.  പരീക്ഷയെഴുതാൻ എത്തുന്ന ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.