'വിളിച്ചപ്പോള്‍ എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്...'; സലീംകുമാറിനെ തേടി വിഡി സതീശന്റെ സര്‍പ്രൈസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2021 09:22 AM  |  

Last Updated: 18th September 2021 09:22 AM  |   A+A-   |  

salim_kumar_vd_satheesan

ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

പറവൂർ: 'വെള്ളിയാഴ്ച രാവിലെ രമേഷ് ഡി കുറുപ്പ് വിളിച്ച് വീട്ടിലുണ്ടാവുമോ എന്ന് ചോദിച്ചു. എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്...' വിവാഹ ജീവിതത്തിന്റേയും സിനിമയിലേക്ക് എത്തിയതിന്റേയും 25ാം വാർഷികത്തിന്റെ മധുരത്തിലിരിക്കുന്ന സലീം കുമാറിനെ തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അപ്രതീക്ഷിതമായി എത്തിയപ്പോൾ താരത്തിന്റെ ചിരി നിറച്ച വാക്കുകൾ ഇങ്ങനെ...
 
പ്രതിപക്ഷ നേതാവ് വീട്ടിലെത്തുമെന്നോ ആദരിക്കുമെന്നോ ഒന്നും രമേഷ് ഡി കുറുപ്പ് പറഞ്ഞില്ല. തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സലീം കുമാർ ഇത് പറഞ്ഞപ്പോൾ ലാഫിങ് വില്ലയാകെ ചിരിയിലമർന്നു. മുൻ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പിനും സിനിമ,സീരിയൽ നടൻ വിനോദ് കെടാമംഗലത്തിനും  ഒപ്പമാണ് പ്രതിപക്ഷ നേതാവ് സലീംകുമാറിന്റെ വീട്ടിലെത്തിയത്. വീട്ടുവളപ്പിലുണ്ടായ കരിക്ക് നൽകി പ്രതിപക്ഷ നേതാവിനെ സലിംകുമാർ സ്വീകരിച്ചു. സലിംകുമാറിനെയും ഭാര്യ സുനിതയെയും പ്രതിപക്ഷ നേതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. 

പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും അദ്ദേഹത്തിന്ന നൽകി. മിമിക്രി കലാകാരനായിരുന്ന 1996 സെപ്റ്റംബർ 14-നാണ് സുനിതയെ സലിംകുമാർ വിവാഹം കഴിച്ചത്. പിറ്റേ ദിവസം ബന്ധുവീട്ടിൽ നിന്നാണ് ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അന്നുമുതൽ ഇന്നുവരെ മൂന്നു തമിഴ് ചിത്രങ്ങളിലും ഒരു ഒറിയ ചിത്രത്തിലും ഉൾപ്പെടെ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. വിവിധ സംസ്ഥാന പുരസ്കാരങ്ങളും.