കോവിഡ് പിടിമുറുക്കി, ഇരട്ടക്കുട്ടികൾക്ക് ജന്മനൽകി കൃഷ്ണേന്ദു വിടപറഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2021 07:38 AM  |  

Last Updated: 19th September 2021 07:38 AM  |   A+A-   |  

krishnendhu

കൃഷ്ണേന്ദു

 

ഇടുക്കി: ഇരട്ടക്കുട്ടികൾക്ക് ജന്മനൽകി യുവതി കോവിഡിന് കീഴടങ്ങി. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.  വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു കൃഷ്ണേന്ദുവിന്റെ പ്രസവം.  ശനിയാഴ്ച ഇതേ ആശുപത്രിയിൽവെച്ചായിരുന്നു മരണം. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. പരിശോധനയിൽ കോവിഡാണെന്ന് തിരിച്ചറിഞ്ഞു. അപ്പോഴേക്കും  ന്യൂമോണിയ ഗുരുതരമായി ബാധിച്ചിരുന്നു. കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തി. 

ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികൾക്ക് കൃഷ്ണേന്ദു ജന്മംനൽകി. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കൃഷ്ണേന്ദു മരിച്ചത്.സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. ഒക്ടോബർ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്.