വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട, നിപ ഭീതിയിൽ തകർന്നടിഞ്ഞ് റമ്പൂട്ടാൻ കച്ചവടം

വാങ്ങാൻ ആളില്ലാതായതോടെ പഴകച്ചവടക്കാർ റമ്പൂട്ടാൻ വിൽപന നിർത്തിയിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; കോഴിക്കോട് 12കാരൻ നിപ്പ ബാധിച്ചു മരിച്ചതോടെ കേരളം ആശങ്കയിലായിരുന്നു. റമ്പൂട്ടാനിൽ നിന്നാണ് കുട്ടിക്ക് നിപ്പ ബാധയേറ്റതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് നിപ്പ ഭീതി ഒഴിഞ്ഞെങ്കിലും റമ്പൂട്ടാൻ ഭീതി മാറിയിട്ടില്ല. വൻ ഡിമാൻഡുണ്ടായിരുന്ന റമ്പൂട്ടാൻ ഇപ്പോൾ വെറുതെ കൊടുത്താൽ പോലും ആരും വാങ്ങാത്ത അവസ്ഥയിലാണ്. ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

വാങ്ങാൻ ആളില്ലാതായതോടെ പഴകച്ചവടക്കാർ റമ്പൂട്ടാൻ വിൽപന നിർത്തിയിരിക്കുകയാണ്. കൃഷിയിടങ്ങളിൽ റമ്പൂട്ടാൻ പഴുത്ത് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. പറിച്ച് വിൽക്കാൻ കഴിയാത്തതിനാൽ പഴങ്ങൾ കൊഴിഞ്ഞു നശിക്കുകയാണിപ്പോൾ. കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നൽകാമെന്ന് കച്ചവടക്കാർ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ വെറുതെ പോലും ആരും വാങ്ങാത്ത അവസ്ഥയാണ്. 

വർഷത്തിൽ ഒരു തവണ മാത്രമാണ് റമ്പുട്ടാൻ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാൽ ഇടവിളയായി ഇടുക്കിയിൽ നിരവധി പേരാണ് റമ്പുട്ടാൻ കൃഷി ചെയ്യുന്നത്.  മരങ്ങൾ നശിക്കാതിരിക്കാൻ പഴങ്ങൾ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകരിപ്പോൾ. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഇത്തവണ നല്ല വിളവും കിട്ടി.  ഒരു മരത്തിൽ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വിൽക്കാൻ കഴിയാത്തതിനാൽ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കർഷകർക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്നും ശേഖരിച്ച റമ്പുട്ടാൻ പഴങ്ങളിൽ നിപ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്ത കർഷകർക്ക് ആശ്വാസമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com