അടുത്ത ഭാ​ഗ്യശാലിയാവാൻ മീനാക്ഷി ലോട്ടറീസിൽ തിക്കുംതിരക്കും, ഗതാ​ഗതം തടസപ്പെട്ടു; പൊടിപൊടിച്ച് കച്ചവടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 10:16 AM  |  

Last Updated: 20th September 2021 10:19 AM  |   A+A-   |  

lottery

പ്രതീകാത്മക ചിത്രം

 

കൊച്ചി; 12 കോടി രൂപ സ്വന്തമാക്കിയ ആ ഭാ​ഗ്യശാലിയെ കാണാനായി കാത്തിരിക്കുകയാണ് കേരളം. ഭാ​ഗ്യം നേടിക്കൊടുത്തത് തൃ‌പ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ് ഏജൻസീസ് ആണെന്ന് അറിഞ്ഞതോടെ അവിടെ ആള് കൂടാൻ തുടങ്ങി. അടുത്ത ഭാ​ഗ്യശാലിയാവാൻ വേണ്ടി നിരവധി പേരാണ് ലോട്ടറി എടുക്കാനാണ് കടയിലെത്തിയത്. അതോടെ മീനാക്ഷി ലോട്ടറീസിൽ കട്ടവടവും പൊടിപൊടിച്ചു. 

തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലാണ്  മീനാക്ഷി ലോട്ടറീസ് ഏജൻസീസ്.  ഭാ​ഗ്യാന്വേഷികളുടെ നിര റോഡിലേക്ക് നീണ്ടതോടെ ​ഗതാ​ഗതം തടസപ്പെട്ടു. ഭാ​ഗ്യശാലി എത്തിയതാണെന്നു കരുതി ഒന്നുകാണാൻ ലോട്ടറിക്കടയുടെ സമീപത്തും ആളുകൂടി. അഞ്ചു വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഇവരെ ആദ്യമായാണ് ഇത്ര വലിയ സമ്മാനം തേടിയെത്തുന്നത്. അതിന്റെ സന്തോഷത്തിൽ വന്നവർക്കെല്ലാം ലഡു കൊടുക്കാനും ലോട്ടറി ജീവനക്കാർ മറന്നില്ല. 

കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകൾ ഇവർക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയിൽ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചത്. ഭാ​ഗ്യം തേടിയെത്തിയ ടി.ഇ. 645465 നമ്പർ ലോട്ടറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.  അതിനിടെ ഭാ​ഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയാണ് തൃപ്പൂണിത്തുറക്കാർ. നാട്ടുകാരൻ തന്നെയാണോ ആ ഭാ​ഗ്യശാലി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.