ലഹരിമരുന്നിനെ ലഹരിമരുന്ന് എന്ന് മാത്രം വിളിച്ചാല്‍ മതി; സംസ്ഥാനത്തെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണം; മതസംഘടനാ നേതാക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 09:07 PM  |  

Last Updated: 20th September 2021 10:17 PM  |   A+A-   |  

relegious_meeting

തിരുവനന്തപുരത്ത് നടന്ന മതസാമുദായിക നേതാക്കന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവർ

 

തിരുവനന്തപുരം: സംസ്ഥാനത്തെ മതസൗഹാര്‍ദം  സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കന്മാരുടെ യോഗം. ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

മതസൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രാദേശികതല ചര്‍ച്ചകള്‍ക്ക് സംവിധാനം വേണം. മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ആത്മബന്ധം നഷ്ടപ്പെടാന്‍ പാടില്ല. മത, ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കണം. ലഹരിമരുന്ന് എന്നതിനെ ലഹരിമരുന്ന് എന്നുമാത്രം പറഞ്ഞാല്‍ മതിയെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു. മതസൗഹാര്‍ദവും സഹവര്‍ത്തിത്തവുമാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടത്. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനുമുള്ള സവിശേഷമായ ശ്രദ്ധ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണം. മതആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണമെന്നും ക്ലിമ്മിസ് പറഞ്ഞു.

സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് താഴേത്തട്ടിലും സമൂഹമാധ്യമങ്ങളുമാണെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ബഹുമാനപ്പെട്ട തിരുമേനി യോഗം വിളിച്ച് ചേര്‍ന്നത്. പാണക്കാട് കുടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. സമസ്ത ഉള്‍പ്പടെയുള്ള സംഘടനയുടെ പിന്തുണയോടെയാണ് യോഗം നടന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാല്‍ പ്രാദേശികമായി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഉള്ള ഫോറം ഉണ്ടാകണം. മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു

ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈന്‍ മടവൂര്‍,ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാര്‍ അന്തിമോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആര്‍ച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.