'ഒരു പെണ്ണിനെ മുസ്ലിംകള്‍ കൊണ്ടുപോയെങ്കില്‍, ഒന്നിനുപകരം നൂറല്ലേ ഇപ്പുറത്ത് ചെയ്യുന്നത്'; ഏറ്റവുംകൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് മിഷണറിമാരെന്ന് വെള്ളാപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 11:03 AM  |  

Last Updated: 20th September 2021 11:03 AM  |   A+A-   |  

vellappally natesan

വെള്ളാപ്പള്ളി നടേശന്‍/ഫയല്‍

 

ആലപ്പുഴ: നര്‍ക്കോട്ടിക്, ഈഴവ ജിഹാദ് വിവാദത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് എതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടത്തുന്നത് ക്രിസ്ത്യന്‍ സഭകളാണെന്ന് അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ് പുതിയ കാര്യമല്ല. പക്ഷേ മറിച്ചുള്ള ജിഹാദിനെക്കുറിച്ചും പറയണം. ക്രിസ്ത്യന്‍ സമുദായം എത്രയാളുകളെയാണ് മാറ്റുന്നത്? ഒരു പെണ്ണിനെ പ്രേമിച്ച് മുസ്ലിംകള്‍ കൊണ്ടുപോയെങ്കില്‍, ഒന്നിനുപകരം നൂറല്ലേ ഇപ്പുറത്ത് ചെയ്യുന്നത്? അതെന്താ പറയാത്തത് എന്ന് അദ്ദേഹം ചോദിച്ചു. 

'ഇടുക്കി ജില്ലയില്‍ കീരിത്തോട് എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയുടം മകള്‍ ഇസ്രയേലില്‍ ജോലിക്ക് പോയപ്പോള്‍ ക്രിസ്ത്യാനിയെ പ്രേമിച്ച് കല്യാണം കഴിച്ചു. പലസ്തീന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ നാട്ടിലെത്തിച്ചപ്പോള്‍ സംസ്‌കരിച്ചത് പള്ളിയിലാണ്. ഇസ്രയേല്‍ കൊടുത്ത സാമ്പത്തിക സഹായങ്ങള്‍ സൗമ്യയുടെ മാതാപിതാക്കള്‍ക്ക് കൊടുത്തില്ല.'- വെള്ളാപ്പള്ളി ആരോപിച്ചു. 

വലിയ മന്തുള്ളത് മണ്ണില്‍ക്കുഴിച്ചിട്ടിട്ട് വഴിയേപോകുന്നവനെ മന്തനെന്ന് വിളിക്കരുത്. ഈ രാജ്യത്ത് ഏറ്റവുംകൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍  മിഷണറിയാണ്. അതുവെച്ചു നോക്കുമ്പോള്‍ മുസ്ലിംകള്‍ അത്രയും ചെയ്യുന്നുണ്ടോ? ഇല്ലായ്മയെ ചൂഷണം ചെയ്യുന്നത് ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. ക്രിസ്തുമതത്തിലെ എല്ലാ വിഭഗങ്ങളും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നവരെല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

ലൗ ജിഹാദ് നടത്തുന്നവര്‍ ഒരു മുസ്ലിം ഒരു പെണ്‍കുട്ടിയെയാണ് കൊണ്ടുപോകുന്നത്. പക്ഷേ ഇവര്‍ ഒരു കുടുംബത്തെ മൊത്തമാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ഈഴവ ജിഹാദ് ആരോപിച്ച കത്തോലിക്കാ സഭാ വൈദികന്‍ ഫാ. റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം വിവാദമായിരുന്നു. കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നു എന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ വൈദികന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 

തന്റെ പരാമര്‍ശം പ്രിയ്യപ്പെട്ട ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വേദനയുണ്ടാക്കിയെന്ന് വ്യക്തമായെന്നും താന്‍ സംസാരിച്ചത് മതാധ്യാപകരോട് മാത്രമാണെന്നും എന്നാല്‍ ആ വീഡിയോ പുറത്തായപ്പോള്‍ പലര്‍ക്കും വേദനയുണ്ടായെന്നും റോയ് കണ്ണന്‍ചിറ പറഞ്ഞു. തന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുവെന്ന് റോയ് കണ്ണന്‍ചിറ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം.