ലോട്ടറി ടിക്കറ്റ് വാങ്ങി നല്‍കിയിട്ടില്ല; വാട്‌സാപ്പില്‍ അയച്ചത് തമാശയ്‌ക്കെന്ന് സുഹൃത്ത്; ഒന്നാം സമ്മാനമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെന്ന് സെയ്തലവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2021 10:05 PM  |  

Last Updated: 20th September 2021 10:05 PM  |   A+A-   |  

saithalavi_-ahammed

സെയ്തലവി - അഹമ്മദ്‌

 

കല്‍പ്പറ്റ: ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ സെയ്തലവിക്ക് ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്ന് സുഹൃത്ത് അഹമ്മദ്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് പറഞ്ഞു.

ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു. 

എന്നാല്‍ താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് സെയ്തലവി പറഞ്ഞു. ഇന്നലെ അയച്ചത് മോര്‍ഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തിയ്യതി അയച്ചുതന്ന ടിക്കറ്റ് ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം.  11 ന് അഹമ്മദിന് ഗൂഗിളില്‍ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. 

കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബഷീര്‍ വ്യക്തമാക്കി. വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യവും പരാതിയില്‍ ഉള്‍പ്പെടുത്തും. ഇത്തരത്തില്‍ പ്രവാസികള്‍ക്ക് അടക്കം ഒട്ടേറെ പേര്‍ക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തില്‍ പറ്റിച്ചതില്‍ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഈ ഭാഗ്യം ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും ബഷീര്‍ വ്യക്തമാക്കി. 

ആകാംക്ഷയ്ക്ക് വിരാമമായി ഓണം ബംപര്‍ 12 കോടി സമ്മാനം നേടിയത് കൊച്ചി മരട് സ്വദേശി ജയപാലനാണെന്ന് ഇന്ന് വ്യക്തമായി. സമ്മാനര്‍ഹമായ ടിക്കറ്റ് ജയപാലന്‍ കൊച്ചിയിലെ കനറാബാങ്കിന്റെ ശാഖയില്‍ സമര്‍പ്പിച്ചു.