ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍; തീവ്ര സ്വഭാവ ഗ്രൂപ്പുകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവം, അഡ്മിന്‍മാര്‍ക്കെതിരെ നടപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 11:06 AM  |  

Last Updated: 21st September 2021 11:06 AM  |   A+A-   |  

clubhouse

ഫയല്‍ ചിത്രം


തിരുവനന്തപുരം: സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്. അഡ്മിന്‍മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍ നിരീക്ഷണം ആരംഭിച്ചു. 

പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ, സാമൂഹ്യ മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനിയിരുന്നു നിരീക്ഷണം. ഇതിന്റെ ഭാഗമായാണ് ക്ലബ് ഹൗസ് ചാറ്റ് റൂമുകളിലും പൊലീസ് നിരീക്ഷണം നടത്തിയത്. 

തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ പൊലീസ് കണ്ടെത്തി. സ്ത്രീകള്‍ക്ക് എതിരെ ലൈംഗിക അധിക്ഷേപങ്ങള്‍ നടത്തുന്ന ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി.