ആദ്യം അടിച്ച 5000ത്തില്‍ നിന്ന് അഞ്ച് ബമ്പറെടുത്തു; വമ്പന്‍ ഭാഗ്യം ഉറപ്പിക്കാനായി ഒരു രാത്രി മുഴുവന്‍ ഉറങ്ങാതിരുന്ന് കുടുംബം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 10:09 AM  |  

Last Updated: 21st September 2021 10:09 AM  |   A+A-   |  

lottery

എക്‌സ്പ്രസ് ഫോട്ടോ

 

കൊച്ചി:ആദ്യം അടിച്ച 5000 രൂപയില്‍നിന്നാണ് ഓട്ടോ തൊഴിലാളിയായ ജയപാലന്‍ 12 കോടിയുടെ ബമ്പര്‍ ടിക്കറ്റ് എടുത്തത്. സമ്മാനമടിച്ച അയ്യായിരം രൂപയുടെ ടിക്കറ്റ് മാറാനാണ് തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറി ഏജന്‍സിയിലെത്തിയത്. ഇവിടെ നിന്ന് അഞ്ച് ടിക്കറ്റ് എടുത്തിരുന്നു. ഇതിലൊരു ടിക്കറ്റാണ് ജയപാലനെ കോടിപതിയാക്കിയത്.

കടമില്ലാത ജീവിക്കണം എന്നതു മാത്രമാണ് ജയപാലന്റെ മോഹം. 25 വര്‍ഷമായി മരട് ആലുങ്കല്‍ പരീത് മുക്കിലാണ് ജയപാലന്‍ ഓട്ടോ ഓടിക്കുന്നത്. മരട് സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് നാല് വര്‍ഷം മുമ്പ് എട്ട് ലക്ഷം രൂപ വായ്പയെടുത്ത് നിര്‍മിച്ച വീട്ടിലാണ് ഇവര്‍  താമസിക്കുന്നത്.

തന്റെ കണ്ണടയും മുമ്പ് വീടിന്റെ കടം തീര്‍ത്ത് ജയപാലനും കുടുംബവും സമാധാനമായുറങ്ങുന്നത് കാണണമെന്നതായിരുന്നു ആഗ്രഹമെന്ന് ജയപാലന്റെ മാതാവ് 94 വയസ്സുള്ള ലക്ഷ്മി പറഞ്ഞു. ഫലം വന്നപ്പോള്‍ ഭാഗ്യം കടാക്ഷിച്ചുവെന്ന് മനസ്സിലായി. പക്ഷേ ഇതേ സമയം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പല സ്ഥലങ്ങളില്‍നിന്നും ബമ്പറടിച്ചവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആകെ അമ്പരപ്പായി. 

എന്തായാലും തിങ്കളാഴ്ച പത്രം നോക്കി ഉറപ്പുവരുത്താമെന്നും അതുവരെ ആരോടും പറയേണ്ടെന്നും കുടുംബം തീരുമാനിച്ചു. അതിരാവിലെ എഴുന്നേറ്റ് പത്രം വരുന്നതും കാത്തിരുന്നു.

പത്രം കൈയില്‍ കിട്ടിയ ഉടനെ ഫലം നോക്കി ഉറപ്പിച്ച ശേഷം വൈകാതെ ബാങ്കില്‍ പോയി ടിക്കറ്റ് ഏല്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി. ജയപാലന്റെ ഭാര്യ മണിയാകട്ടെ പതിവുപോലെ തൂപ്പുജോലിക്കായി ചോറ്റാനിക്കര പടിയാര്‍ മെമ്മോറിയല്‍ ഹോമിയോ മെഡിക്കല്‍ കോളജിലേക്ക് പോയി.

വൈകീട്ടോടെ നാട് മുഴുവന്‍ വിവരങ്ങളറിഞ്ഞു. പരിചയക്കാരും പരിചയമില്ലാത്തവരുമൊക്കെ അഭിനന്ദനങ്ങളുമായെത്തി.മാധ്യമ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയുള്ള തത്സമയ ദൃശ്യങ്ങള്‍ ജോലിസ്ഥലത്തിരുന്ന് ടി.വി.യിലൂടെയാണ് മണി കണ്ടത്.