'കേരളത്തെ ഭ്രാന്താലയമാക്കരുത്'; തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 12:39 PM  |  

Last Updated: 22nd September 2021 12:39 PM  |   A+A-   |  

kanam rajendran

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

 

കാസര്‍കോട്: നര്‍ക്കോട്ടിക് ജിഹാജ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് എതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാലാ ബിഷപ്പ് അദ്ദേഹത്തിന്റെ പരിശോധന ശരിയാണോയെന്ന് ആത്മപരിശോധന നടത്തണം. ആ പ്രസ്താവന വരുന്നതുവരെ ഇവിടെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഈ പ്രശ്‌നമെല്ലാം ഉണ്ടായത്. അതുകൊണ്ട് ആത്മപരിശോധന നടത്തേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ശരിയാണെന്ന് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ല. കേരളത്തെ ഭ്രാന്താലായമാക്കരുത് എന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

'അദ്ദേഹം മാതൃകയാക്കേണ്ടത് മാര്‍പാപ്പയെയാണ്. മനുഷ്യനെ വിഭജിക്കാനുള്ള നടപടികള്‍ പാടില്ലെന്നാണ് മാര്‍പാപ്പ പറഞ്ഞത്. സര്‍വ്വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണ്? സര്‍വ്വകക്ഷി യോഗത്തിന് എന്ത് ചെയ്യാന്‍ പറ്റും? എല്ലാവരുംകൂടിയിരുന്ന് ചായകുടിച്ച് പിരിഞ്ഞാല്‍ മതിയോ? ഒരു ബിഷപ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ്. അതിനിപ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സര്‍ക്കാര്‍ മത,രാഷ്ട്രീയ സംഘടനകളുടെ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.