തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 12:36 PM  |  

Last Updated: 22nd September 2021 12:49 PM  |   A+A-   |  

harthal

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. സംസ്ഥാനത്ത് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 

രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച കടകളും തുറക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി എളമരം കരീം പറഞ്ഞു. 

 പത്രം, പാല്‍, ആംബുലന്‍സ്, ആശുപത്രി സേവനം, അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. 

പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.