'നാര്‍ക്കോ ജിഹാദ്' അഫ്ഗാനില്‍ നിന്ന്‌; കേരളത്തിലും 'മരണവ്യാപാരം'; പാലാ ബിഷപ്പിന് പിന്തുണയുമായി സിറോ മലബാര്‍ സഭ

കേരളസമൂഹത്തിലും അപകടകരമായി ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയത്.
പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് / വീഡിയോ ദൃശ്യം
പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് / വീഡിയോ ദൃശ്യം

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സിറോ മലബാര്‍ സഭ. ഏതെങ്കിലും മതത്തെയോ വിശ്വസത്തെയോ വൃണപ്പെടുത്തുന്ന വിധം ബിഷപ്പ് സംസാരിച്ചിട്ടില്ല. സംഘടിത സാമൂഹിക വിരുദ്ധ വിമര്‍ശനങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും സിറോ മലബാര്‍ സഭ പറയുന്നു.

കുര്‍ബാനമധ്യേ വിശ്വാസികള്‍ക്ക് നല്‍കിയ ചില മുന്നറിയിപ്പുകളുടെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗര്‍ഭാഗ്യകരമാണ്. ഏതെങ്കിലും സമുദായത്തെയോ, മതത്തെയോ, വിശ്വസാത്തെയോ അപകീര്‍ത്തിപ്പടുത്തുന്ന രീതിയില്‍ സംസാരിച്ചിട്ടില്ലെന്നും സംഘടിത സാമൂഹിക വിരുദ്ധ വിമര്‍ശനങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു. 

നാര്‍ക്കോ ജിഹാദ് എന്ന വാക്ക അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെടുത്തി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ രേഖകള്‍ സമര്‍ത്ഥിക്കുന്നു. അഫ്ഗാനില്‍ നിന്നും കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്ന് കഴിഞ്ഞ ദിവസമാണ് ഗുജറാത്തില്‍ നിന്നും പിടിച്ചെടുത്തത്. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളോടും ശത്രുതാപരമായ അകലം പാലിക്കുന്നവരാണ് കേരളത്തിലെ മതസമൂഹങ്ങളും സംഘടനകളും. അതേസമയം കേരളസമൂഹത്തിലും അപകടകരമായി ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്. ഇതിനെതിരെയാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ബിഷപ്പിന്റെ പ്രസംഗത്തെ രണ്ട് മതങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും അവതരിപ്പിക്കുകയായിരുന്നു. പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്ന് ആരോപിച്ചുകൊണ്ട് ബിഷപ്പിനെ ആക്രമിക്കാനുള്ള പ്രചരണത്തില്‍ നിന്ന് പിന്‍വാങ്ങണം. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കെ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണ്. കേരളീയ സമൂഹത്തില്‍ നിലനിന്ന് പോരുന്ന സാഹോദര്യവും സഹവര്‍ത്തിത്വവും നഷ്ടപ്പെടുത്താനെ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂം എന്നും സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com