വിയ്യൂര്‍ ജയിലില്‍ തടവുകാരുടെ ഫോണ്‍വിളി : സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 05:20 PM  |  

Last Updated: 22nd September 2021 05:20 PM  |   A+A-   |  

viyur jail

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലെ പ്രതികളുടെ ഫോണ്‍ വിളിയില്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനാണ് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ജയില്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുള്ളത്. 

ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടി പി വധക്കേസ് പ്രതി കൊടി സുനിയില്‍ നിന്നും ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. 

കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായും അധികൃതര്‍  കണ്ടെത്തി. ജയിലില്‍ തടവുകാരുടെ ഫോണ്‍ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ജയില്‍ ഡിജിപി പരിശോധന നടത്തിയിരുന്നു.  

ജയിലില്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയില്‍ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.