പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ വരവു ചെലവു കണക്ക് പരിശോധിക്കണം; മൂന്നു മാസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 11:05 AM  |  

Last Updated: 22nd September 2021 11:05 AM  |   A+A-   |  

padmanabha

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ട്രസ്റ്റിനെ ഓഡിറ്റില്‍നിന്നു ഒഴിവാക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി മൂന്നുമാസത്തിനുള്ളില്‍ വരവുചെലവു കണക്കു പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കണമെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി. വരവു ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്പനി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങള്‍ ക്ഷേത്ര ഭരണ സമിതിക്കു കീഴില്‍ അല്ലെന്നും സ്വതന്ത്ര സ്ഥാപനമാണെന്നുമാണ് ട്രസ്റ്റ് വാദിച്ചത്. 1965ല്‍ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും ട്രസ്റ്റ് അറിയിച്ചു.