ഒരു സീറ്റില്‍ ഒരു കുട്ടി, നിന്ന് യാത്ര അനുവദിക്കില്ല; ഒക്ടോബര്‍ 20ന് മുമ്പ് ബസിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കണം, മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗതവകുപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 05:34 PM  |  

Last Updated: 22nd September 2021 05:34 PM  |   A+A-   |  

school opening in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനിരിക്കേ, സ്‌കൂള്‍ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗതാഗത വകുപ്പ്. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ നവംബര്‍ ഒന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഗതാഗത വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. കോവിഡിന് മുന്‍പ് സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ രണ്ടുപേരെ ഇരിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഒരു സീറ്റില്‍ ഒരു കുട്ടിയെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. സ്‌കൂള്‍ ബസ് ജീവനക്കാര്‍ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും ആന്റണി രാജു പറഞ്ഞു.

ഒക്ടോബര്‍ 20ന് മുമ്പ് സ്‌കൂള്‍ ബസുകളുടെ ഫിറ്റ്്‌നസ് അധികൃതര്‍ ഉറപ്പാക്കണം. പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികളെ ബസില്‍ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാന്‍ഡ് സാനിറ്റൈസര്‍ ഉണ്ടായിരിക്കണം. ബസില്‍ തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കണമെന്നും ആന്റണി രാജു പറഞ്ഞു.