ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 05:58 PM  |  

Last Updated: 22nd September 2021 05:58 PM  |   A+A-   |  

SEXUAL ASSAULT CASE IN PALAKKAD

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കിടെ, പാലക്കാട്  ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുവാവ് പിടിയില്‍. കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശി ഷബീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

കാഞ്ഞിരപ്പുഴയില്‍ ഇന്ന് രാവിലെയാണ് സംഭവം. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, ആരോഗ്യപ്രവര്‍ത്തകയെ ഷബീര്‍ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകള്‍ക്കകം പിടികൂടിയ ഷബീറിനെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്.ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം എന്നതടക്കം നിരവധി നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലറാണ് ഡിജിപി പുറത്തിറക്കിയത്. 

നിലവിലുളള കേസുകളില്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സമീപകാലത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിച്ച സാചര്യത്തിലാണ്  പൊലീസ് മേധാവി അനില്‍ കാന്ത് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പൊലീസ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതിക്രമങ്ങള്‍ സംബന്ധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ പരാതി ലഭിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളില്‍ നിലവില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിര്‍ദേശം നല്‍കി. 

അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും ജില്ലാ പൊലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.