'മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതന്‍'; 'കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയ കോടാലി'; കെ സുധാകരന് എതിരെ ഡിവൈഎഫ്‌ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 12:10 PM  |  

Last Updated: 22nd September 2021 12:14 PM  |   A+A-   |  

aa-rahim

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. സുധാകരന്റെ കീശയില്‍ കരുണാകരനെ വിറ്റ കാശാണ് ഉള്ളതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. കെ കരുണാകരന്‍ ട്രസ്റ്റ് വിവാദം ചൂണ്ടിക്കാട്ടിയാണ് റഹീമിന്റെ വിമര്‍ശനം. ലീഡര്‍ക്ക് വേണ്ടി പിരിച്ച 16 കോടി എവിടെയെന്ന്  റഹീം ചോദിച്ചു. കെ കരുണാകരന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു. കരുണാകരന്‍ മുന്നറിയിപ്പ് നല്‍കിയ കോടാലിയാണ് കെ സുധാകരന്‍. ആ കോടാലിയാണ് ഇപ്പോള്‍ മുരളീധരന്‍ പിടിക്കുന്നത്.

കെ സുധാകരന്‍ മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്‌കൃതനാണ്. സിപിഎം സെക്രട്ടറിക്ക് സുധാകരന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും റഹീം പറഞ്ഞു.

അതേസമയം, നര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതാണ് നല്ലതെന്ന് റഹീം അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സര്‍ക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കര്‍ദിനാള്‍ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണ്.

ആര്‍എസ്എസും എസ്ഡിപിഐയും ജമാഅത്ത ഇസ്ലാമിയും ഈ വിഷയത്തെ സുവര്‍ണ്ണാവസരമായി കാണുകയാണ്. കേസെടുത്ത് പരിഹരിക്കേണ്ട വിഷയമല്ല ഇതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.  ഐഎസ്ആര്‍ഒ സ്ഥിര നിയമനങ്ങള്‍ നിര്‍ത്തലാക്കുന്നതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിലേക്ക് കടക്കുകയാണെന്നും റഹീം അറിയിച്ചു.