സിഐയുടെ വീട്ടിൽ മോഷണം, കാര്യമായി ഒന്നും തടഞ്ഞില്ല, പഴയ സാധനങ്ങളും ​ഗ്യാസ് കുറ്റിയും അടിച്ചുമാറ്റി കള്ളൻ; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:16 AM  |  

Last Updated: 23rd September 2021 07:16 AM  |   A+A-   |  

The thief attacked

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതിയാണ് സിഐയുടെ അടഞ്ഞു കിടന്ന വീട്ടിൽ കള്ളൻ കയറിയത്. പക്ഷേ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങൾ, കുറച്ച് പഴയ സാധനങ്ങളല്ലാതെ കാര്യമായി ഒന്നും ഇവിടെയുണ്ടായിരുന്നില്ല. പിന്നെ കള്ളൻ വൈകിയില്ല കൂട്ടത്തിൽ ഏറ്റവും വിലപിടിപ്പുള്ള ​ഗ്യാസ് കുറ്റിയും ചില്ലറ സാധനങ്ങളും കൊണ്ട് കള്ളൻ കടന്നു. പൊഴിയൂർ സി.ഐ ബിനുകുമാറിന്റെ വീട്ടിലാണ് കള്ളൻ കയറിയത്.

വെള്ളനാടുള്ള സിഐയുടെ വീട് ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ നിന്ന് പഴയ റെഡിയോയും ടിവിയും, വിളക്ക്, ഷോക്കേസിൽ വെച്ചിരുന്ന നടരാജ വിഗ്രഹം, കാറിന്റെ താക്കോൽ എന്നിവയാണ് മോഷണം പോയത്. പ്രതീക്ഷിച്ച പോലെ സാധനങ്ങൾ കയ്യിൽ തടയാതിരുന്നതുകൊണ്ടാകാം അടുക്കളയിലുണ്ടായിരുന്ന ​ഗ്യാസ് കുറ്റിയും പൊക്കിയത്. ആകെ പതിനായിരം രൂപയിൽ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. 

ഇക്കഴിഞ്ഞ ദിവസം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.