ഒരുബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍; ഒരുമിച്ച് കൂടരുത്;  ഭക്ഷണം കഴിക്കുന്ന ഇടവേള ഒഴിവാക്കണം; ഐഎംഎ

ഒരു കാരണവശാലും സ്‌കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണവിധേയമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അധ്യാപകരും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്നും കൃത്യമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും ഐഎംഎ നിര്‍ദ്ദേശം നല്‍കി.

സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം നിര്‍ബന്ധമായും വാക്സിനേഷന്‍ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷന്‍ കര്‍ശനമായും എടുത്തിരിക്കണം എന്ന നിബന്ധന അത്യാവശ്യമാണ്.

ക്ലാസുകള്‍ ക്രമീകരിക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സമ്പ്രദായം നടപ്പിലാക്കണം. ക്ലാസുകള്‍ വിഭജിച്ച് പഠനം നടത്തേണ്ടതാണ്. ഒരു കാരണവശാലും സ്‌കൂളില്‍ ഹാജരാകുന്ന കുട്ടികള്‍ എല്ലാം ഒരുമിച്ചു കൂടുന്ന അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കരുത്.
സ്‌കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഇത്തരം ക്രമീകരണം സാധ്യമാണുതാനും. അടച്ചിട്ട മുറികളില്‍ കൂട്ടം കൂടാന്‍ കുട്ടികളെ അനുവദിക്കരുത്.

മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നീ കോവിഡ് മാനദണ്ഡങ്ങളുടെ പ്രാധാന്യം സിലബസിന്റെ ഭാഗമായിത്തന്നെ കുട്ടികളെ പഠിപ്പിക്കണം. സ്വന്തം വീടുകളിലും പരിസരത്തും പൊതുസ്ഥലങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം എന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com