എല്‍ഡിഎഫ് നീക്കം പാളി ; തൃക്കാക്കരയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 11:06 AM  |  

Last Updated: 23rd September 2021 11:06 AM  |   A+A-   |  

Thrikkakara municipality

ഫയല്‍ ചിത്രം

 

കൊച്ചി : പണക്കിഴി വിവാദത്തില്‍പ്പെട്ട തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷമായ യുഡിഎഫിനെതിരെ അവിശ്വാസം കൊണ്ടു വരാനുള്ള എല്‍ഡിഎഫിന്റെ നീക്കം പാളി. ക്വാറം തികയാതിരുന്നതിനാല്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കായി കൗണ്‍സില്‍ യോഗം ചേരാനായില്ല. 

43 അംഗ കൗണ്‍സിലില്‍ 18 അംഗങ്ങള്‍ മാത്രമാണ് ഹാജരായത്. ക്വാറം തികയാന്‍ വേണ്ടിയുരുന്നത് 22 അംഗങ്ങളാണ്. കോവിഡ് ബാധിച്ച ഇടതു കൗണ്‍സിലര്‍ സുമ പിപിഇ കിറ്റ് ധരിച്ച് കൗണ്‍സില്‍ യോഗത്തിന് എത്തിയിരുന്നു. 

എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന യുഡിഎഫ് അംഗങ്ങളും വിപ്പ് സ്വീകരിച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്. 

നാലു സ്വതന്ത്ര കൗണ്‍സിലര്‍മാരും യോഗത്തില്‍ നിന്നും വിട്ടു നിന്നു. പണക്കിഴി സമ്മാന വിവാദത്തില്‍പ്പെട്ട ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ മാറ്റാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറപ്പുനല്‍കിയതുമൂലമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്ന് പ്രതിപക്ഷമായ എല്‍ഡിഎഫ് പറഞ്ഞു. 

അജിത തങ്കപ്പനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തു നിന്നും മാറ്റിയില്ലെങ്കില്‍ ആറു മാസത്തിന് ശേഷം വീണ്ടും അവിശ്വാസം കൊണ്ടു വരുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പറഞ്ഞു.