30 അടി താഴ്ചയിൽ കിണർ വെട്ടുന്ന തൊഴിലാളികളുടെ മേലെ കൂറ്റൻ കല്ല് തള്ളിയിട്ടു; 1500 രൂപയെ ചൊല്ലിയുള്ള തർക്കം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 09:18 AM  |  

Last Updated: 24th September 2021 09:18 AM  |   A+A-   |  

Well

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; കിണർ വെട്ടുന്ന തെ‍ാഴിലാളികളുടെ ദേഹത്തേക്ക് കൂറ്റൻ കല്ല് ഇട്ട് കൊലപ്പെടുത്താൻ ശ്രമം. തിരുവനന്തപുരം പാറശാലയിലാണ് സംഭവമുണ്ടായത്. 1500 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ധനുവച്ചപുരം സ്വദേശി ബിനു അറസ്റ്റിലായി. 

രണ്ടു പേരാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ ഉണ്ടായിരുന്നത്. കല്ല് വീണ് ഇടുപ്പെല്ലിനു സാരമായി പരുക്കേറ്റ ധനുവച്ചപുരം വാറുതട്ട് വിള അലൻ നിവാസിൽ സാബു എന്ന ഷൈൻകുമാർ (47) നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ഭുവനചന്ദ്രൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ല് ദേഹത്തു വീണ് കിണറിനുള്ളിൽ കുഴഞ്ഞുവീണ സാബുവിനെ ഫയർഫോഴ്സ് ആണ് ആശുപത്രിയിൽ എത്തിച്ചത്. 

സാബൂവിന്റെ സമീപവാസിയാണ് അറസ്റ്റിലായ ബിനു. നേരത്തേയുള്ള ജോലിക്ക് സാബുവിന് കൂലിയായി  ബിനു നൽകാനുള്ള 1500 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഒട്ടേറെ തവണ സാബു പണം ആവശ്യപ്പെട്ടിട്ടും ബിനു നൽകിയില്ല. ഇന്നലെ രാവിലെ സാബുവും മകനും പണം ചോദിച്ച് ബിനുവിന്റെ വീട്ടിൽ എത്തിയതിനെ തുടർന്ന് ബിനുവിന്റെ ഭാര്യ തുക നൽകി. 

ഇതറിഞ്ഞ് ബിനു വെട്ടുകത്തിയുമായി സാബുവിന്റെ വീട്ടിൽ എത്തി ബഹളം കൂട്ടിയ ശേഷമാണ് പണി സ്ഥലത്തേക്ക് എത്തിയത്. കിണറിനുള്ളിൽ മണ്ണു  തുരക്കുകയായിരുന്ന സാബുവിനെ അസഭ്യം പറഞ്ഞ ശേഷം കല്ല് എടുത്ത് ദേഹത്തേക്ക് ഇടുകയായിരുന്നു. ആദ്യത്തെ കല്ല് സാബുവിന്റെ ദേഹത്തു വീഴാഞ്ഞതിനാൽ വലിയ കല്ല് എടുത്ത് വീണ്ടും ഇടുകയായിരുന്നു. ഇതിനുശേഷം ഓടി രക്ഷപ്പെട്ട ബിനുവിനെ പൊലീസ് വീടിനു സമീപത്തു നിന്നു പിടികൂടി.