കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുകിയ നിലയിൽ 13കാരന്റെ മൃതദേഹം ടെറസിൽ, മരണം മൊബൈൽ ഗെയിം ടാസ്കിനിടെ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 08:33 AM  |  

Last Updated: 25th September 2021 08:33 AM  |   A+A-   |  

CHILD_DEATH

 

ഇടുക്കി; ബന്ധുവീട്ടിൽ താമസിക്കാനെത്തിയ പതിമ്മൂന്നുകാരനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പ്‌-സൗമ്യ ദമ്പതികളുടെ മകൻ ജെറോൾഡാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.45 ഓടെ ടെറസിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

കുട്ടിയുടെ കഴുത്തിൽ കയർ മുറുകിയ നിലയിലായിരുന്നു. കൂടാതെ ഇരുകാലുകളിലും കയർ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയിരുന്നു. ഉടൻതന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതെങ്കിലും മൊബൈൽ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടമാണോയെന്ന് പൊലീസ് സംശയിക്കുന്നു.

ഒരു മാസമായി ജെറോൾഡ് ഇവിടെ താമസിച്ചുവരികയായിരുന്നു. സംഭവസമയം മറ്റ് കുട്ടികൾ വീടിന്റെ താഴത്തെ നിലയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കാലുകൾ ബന്ധിച്ചതായി ശ്രദ്ധയിൽപെട്ടത്. സമീപത്ത് കസേരയും ഉണ്ടായിരുന്നു. നെടുങ്കണ്ടം പൊലീസെത്തി പരിശോധന നടത്തി. കാൽ കെട്ടിയിരുന്ന കയർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജെറോൾഡ്.