പ്രസ്താവന ഇറക്കാന്‍ പോലും ആളില്ലാത്ത സ്ഥിതി ; കെ സുരേന്ദ്രന്‍ മാറണമെന്ന് പിപി മുകുന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 03:42 PM  |  

Last Updated: 25th September 2021 03:42 PM  |   A+A-   |  

mukundhan bjp

ഫയല്‍ ചിത്രം

 


തിരുവനന്തപുരം : കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറണമെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കേസില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, കേസിന്റെ തീരുമാനം വരുന്നതു വരെ സുരേന്ദ്രന്‍ മാറി നില്‍ക്കണം. കേസില്‍ നിന്നും മോചിതനായാല്‍ തിരിച്ചു വരാം. അതാണ് അദ്വാനി ചെയ്തത്. 

ഇതില്‍ തീരുമാനം എടുക്കാന്‍ കേന്ദ്രനേതൃത്വം മടിക്കുന്നതെന്തിനാണ്. ഇപ്പോള്‍ ആറുമാസമായി. നീട്ടിക്കൊണ്ടു പോകരുത്. ആര്‍എസ്എസ് ഇടപെട്ടിട്ട്, ആര്‍എസ്എസില്‍ നിന്നും ഒരാള്‍ ഇപ്പോള്‍ അധ്യക്ഷപദത്തിലേക്ക് വരുന്നത് യുക്തിസഹമല്ല. 

പഴയ കഴിവു തെളിയിച്ചിട്ടുള്ള ആരെയെങ്കിലും ചുമതലയില്‍ കൊണ്ടുവന്ന് പാര്‍ട്ടിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതില്‍ ഒരു സംശയവുമില്ല. ഒരു പ്രസ്താവന കൊടുക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് പാര്‍ട്ടി വരുന്നു. നിരാശരും നിസംഗരും നിഷ്‌ക്രിയരുമായി പ്രവര്‍ത്തകര്‍ മാറി. 

ഒരു പ്രതിപക്ഷ പാര്‍ട്ടിയായി ഉയര്‍ന്നുവന്നതാണ് ബിജെപി. കോണ്‍ഗ്രസിന് പ്രതിപക്ഷത്തിന്റെ റോള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എത്ര ശക്തമായ തീരുമാനമെടുക്കുന്നുവെന്ന് മുകുന്ദന്‍ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണ്. അതില്‍ ഒരു സംശയവുമില്ലെന്നും പി പി മുകുന്ദന്‍ പറഞ്ഞു.