'പുറത്തുപറയാന്‍ കൊള്ളാത്ത ആ കഥകള്‍ വെളിപ്പെടുത്തണം'; സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തിലെ ആരോപണങ്ങള്‍ക്ക് എതിരെ വൈശാഖന്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തലെ സുതാര്യതയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അക്കാദമി പ്രസിഡന്റ് വൈശാഖന്‍
വൈശാഖന്‍/ഫെയ്‌സ്ബുക്ക്‌
വൈശാഖന്‍/ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തലെ സുതാര്യതയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അക്കാദമി പ്രസിഡന്റ് വൈശാഖന്‍. എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ അവാര്‍ഡ് കിട്ടാത്തവരും കൂടാതെ സര്‍വ്വ പുച്ഛക്കാരും ആയവരുടെ പുലഭ്യം പറച്ചിലുകള്‍ പതിവാണ്. കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റിമീറ്ററിലും അളക്കാന്‍ കഴിയില്ലല്ലൊ. വിധി കര്‍ത്താക്കളുടെ ആത്മനിഷ്ഠത അളന്നു നോക്കാന്‍ സംവിധാനം ഉണ്ടാകുന്നതു വരെ ഈ രീതി തുടരാനേ കഴിയൂ.- വൈശാഖന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തിനുള്ള ചുരുക്കപ്പട്ടികയില്‍ സ്വന്തം പുസ്തകം ഉള്‍പ്പെട്ട സന്തേഷം പങ്കുവച്ചുകൊണ്ടുള്ള എച്ചുമുക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റിനാണ് വൈശാഖന്‍ മറുപടി നല്‍കിയിരിക്കുന്നത്. 

വൈശാഖന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 


കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള ചുരുക്കപ്പട്ടികയില്‍ സ്വന്തം പുസ്തകം ഉള്‍പ്പെടുത്തി എന്നുകണ്ടപ്പോള്‍ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് എച്ചുമുക്കുട്ടി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നതു കണ്ടു. സന്തോഷം. എച്ചുമുക്കുട്ടിയുടെ പോസ്റ്റിനുള്ള കമന്റുകളില്‍ ഒരാള്‍ സാഹിത്യ അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അക്കാദമി അവാര്‍ഡ് നിര്‍ണ്ണത്തിന്റെ പിന്നില്‍ 'പുറത്തു പറയാന്‍ കൊള്ളാത്ത കഥകളുണ്ടെന്നാണ്'് ആ മാന്യദേഹത്തിന്റെ അഭിപ്രായം.  ഇതേരീതിയില്‍ ഉള്ള അഭിപ്രായങ്ങള്‍ മുന്‍പും കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്കെല്ലാവര്‍ക്കും കൂടി അക്കാദമി അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള എന്റെ പ്രതികരണമാണ് താഴെ കൊടുത്തിരിക്കുന്നതു്.

'കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയത്തില്‍ പുറത്തു പറയാന്‍ കൊള്ളാത്ത കഥകള്‍ ഉണ്ടെന്ന് ഒരു മാന്യന്‍ എഴുതിയിരിക്കുന്നതു വായിച്ചു. പുറത്തു പറയാന്‍ കൊള്ളാത്ത അത്തരം കഥകള്‍ പുറത്തു പറയുക എന്നതാണ് ഒരു ബുദ്ധിജീവിയുടെ ധാര്‍മ്മിക ദൗത്യം. അതറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അതില്‍ ഒരു വ്യക്തിയും ഇപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനുമായ എനിക്കും അവകാശമുണ്ട. അതുകൊണ്ട് സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍. - കുറഞ്ഞത് എച്ചുമുക്കുട്ടിയോടും ഫേസ് ബുക്ക് വായിയ്ക്കുന്നവരോടും എങ്കിലും - ആ കഥകള്‍ വെളിപ്പെടുത്തണം - അക്കാദമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനെന്ന നീലയില്‍ എനിയ്ക്ക് പ്രത്യേക താല്‍പര്യമുണ്ട്് എന്നു അറിയിയ്ക്കട്ടെ. 

ഫേസ് ബുക്കു മുഖേനയോ പത്രക്കുറിപ്പിലൂടെയോ അദ്ദേഹത്തിനു അതൊക്കെ വെളിപ്പെടുത്താമല്ലൊ. അതല്ല ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുന്നില്‍ പ്രസംഗിച്ച്് വെളിപ്പെടുത്താന്‍ തയ്യാറാണെങ്കില്‍ യാത്രാ സൗകര്യവും വാടക കൊടുത്ത്് അക്കാദമി ഹാളും എല്ലാം എന്റെ സ്വന്തം ചിലവില്‍ ഏര്‍പ്പെടുത്താനും ഞാന്‍ തയ്യാറാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി ചുരുക്കപ്പട്ടികയും മറ്റും പ്രസിദ്ധപ്പെടുത്തി സുതാര്യമാക്കാന്‍ തയ്യാറായപ്പോഴാണു പുറത്തു പറയാന്‍ കൊള്ളാത്ത കഥകള്‍ ഒരാള്‍ക്ക് അറിയാമെന്ന കാര്യം പ്രകാശിതമാകുന്നത്. എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിച്ചു കഴിയുമ്പോള്‍ അവാര്‍ഡ് കിട്ടാത്തവരും കൂടാതെ സര്‍വ്വ പുച്ഛക്കാരും ആയവരുടെ പുലഭ്യം പറച്ചിലുകള്‍ പതിവാണ്. അക്കാദമി അവാര്‍ഡ്് നിര്‍ണ്ണയിയ്ക്കുന്നതിന്റ നടപടികള്‍ വിശദമായി ഞാന്‍ തന്നെ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. പിന്നെ ഒരു കൃതിയുടെ മഹിമ കിലോഗ്രാമിലും സെന്റിമീറ്ററിലും അളക്കാന്‍ കഴിയില്ലല്ലൊ. വിധി കര്‍ത്താക്കളുടെ ആത്മനിഷ്ഠത അളന്നു നോക്കാന്‍ സംവിധാനം ഉണ്ടാകുന്നതു വരെ ഈ രീതി തുടരാനേ കഴിയൂ. പുറത്തു പറയാന്‍ കൊള്ളാത്ത കഥകള്‍ പറയാനുള്ള ആര്‍ജ്ജവവും മാന്യതയും ധൈര്യവും ആ മാന്യ ദേഹത്തിന് ഉണ്ടാവട്ടെ എന്നു് ആഗ്രഹിക്കുന്നു.'
വൈശാഖന്‍
കേരള സാഹിത്യഅക്കാദമി പ്രസിഡന്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com