'ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈയിലുണ്ട്'- കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കൽ അറസ്റ്റിൽ

'ടിപ്പു സുൽത്താന്റെ സിംഹാസനം വരെ കൈയിലുണ്ട്'- കോടികളുടെ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കൽ അറസ്റ്റിൽ
മോൻസൻ മാവുങ്കൽ/ ഫെയ്സ്ബുക്ക്
മോൻസൻ മാവുങ്കൽ/ ഫെയ്സ്ബുക്ക്

കൊച്ചി: പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന് വ്യാജ രേഖ കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അഞ്ച് പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. 

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനു വേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശരഹിത വായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയത്. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടോടു കൂടി ഇയാളെ കോടതിയിൽ ഹാജരാക്കും.

അഞ്ച് പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽ നിന്നു ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കോസ്മറ്റോളജിയിൽ ഉൾപ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ടിപ്പു സുൽത്താൻറെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോൻസൻ മാവുങ്കലിൻറെ പുരാവസ്തു വിൽപ്പന. എന്നാൽ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളിൽ പറയുന്ന മോശയുടെ അംശ വടി അടക്കം തൻറെ പക്കലുണ്ടെന്ന് മോൻസൻ അവകാശപ്പെട്ടിരുന്നു. എന്നാൽ താൻ ഒറിജിനലല്ല, അതിൻറെ പകർപ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കൾ വിറ്റിരുന്നതെന്നാണ് മോൻസൻ പൊലീസിനോട് അവകാശപ്പെടുന്നത്. 

കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാൾക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com