'കരുവന്നൂര്‍ ചര്‍ച്ച ചെയ്യാന്‍ മതിയായ സമയം നല്‍കണം'; പ്രവര്‍ത്തകരെ പ്രകോപിപ്പിക്കരുത്; സിപിഎം നിര്‍ദേശം

ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്ന മറുപടി നേതാക്കളില്‍നിന്നുണ്ടാകരുതെന്ന് സിപിഎം നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തൃശൂര്‍: ബ്രാഞ്ച് മുതലുള്ള സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്ന മറുപടി നേതാക്കളില്‍നിന്നുണ്ടാകരുതെന്ന് സിപിഎം നിര്‍ദേശം. തൃശൂരിലെ സമ്മേളനങ്ങളില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ 15 മുതല്‍ തുടങ്ങിയ ബ്രാഞ്ച് സമ്മേളനങ്ങളിലെല്ലാം കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് സജീവ ചര്‍ച്ചയാണ്.

മിക്കയിടത്തും നേതാക്കള്‍ പ്രവര്‍ത്തകരുമായി സൗഹൃദത്തിലാണ് വിശദീകരണം നല്‍കുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട ഏര്യാ കമ്മിറ്റിക്ക് കീഴിലെ ചില ബ്രാഞ്ചുകളില്‍ രൂക്ഷമായ കടന്നാക്രമണങ്ങളുണ്ടായി.

തട്ടിപ്പുമായി ബന്ധപ്പെട്ട് ചില നേതാക്കളുടെ പേരെടുത്തു പറഞ്ഞാണ് ബ്രാഞ്ച് അംഗങ്ങള്‍ ആഞ്ഞടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം വന്നത്. ജില്ലാ, ഏര്യാ,ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കരുവന്നൂര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ മതിയായ സമയമനുവദിക്കണം. ചര്‍ച്ചയുടെ ഘട്ടങ്ങളില്‍ തടസ്സപ്പെടുത്തുകയോ പ്രകോപനമുണ്ടാക്കുകയോ ചെയ്യരുത്. മറുപടികളില്‍ പ്രവര്‍ത്തകരെ പ്രകോപിതരാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവരുത്. സമ്മേളനകാലത്ത് അനവസര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മുന്നൂറോളം ബ്രാഞ്ച് സമ്മേളനങ്ങളാണ് ജില്ലയില്‍ പൂര്‍ത്തിയായത്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ കഴിവതും മത്സരങ്ങള്‍ ഒഴിവാക്കണമെന്നും സമവായങ്ങള്‍ ഉണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com