ഓട് പൊളിച്ചിറങ്ങി വന്നതല്ല; മാധ്യമ കോടതികള്‍ വേണ്ട; വിധിക്കാനും വിചാരണ നടത്താനും നീതിയും നിയമവും ഉണ്ട്;  വി ശിവന്‍കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 10:03 PM  |  

Last Updated: 26th September 2021 10:03 PM  |   A+A-   |  

sivankutty

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സിംഹാസനപുറത്തേറിയ ചില മാധ്യമ ജഡ്ജിമാര്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ടെറുമോ പെന്‍പോള്‍ എംപ്ലോയിസ് അസോസിയേഷന്‍ പതിനെട്ടാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നിനെയും ഇല്ലെങ്കില്‍ ജനവിധിയെ മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

''നാരായണ ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച നാടാണ് കേരളമെന്നും ഇവിടെ ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുന്നുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. പൊതുമണ്ഡലത്തില്‍ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേല്‍ കരിവാരി തേക്കുന്ന ഏര്‍പ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.