'അസഭ്യ വോയിസ് മെസ്സേജ് അയച്ചു'; പതിനേഴുകാരനെ സഹോദരങ്ങള്‍ മര്‍ദിച്ചെന്ന് പരാതി, കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 04:36 PM  |  

Last Updated: 26th September 2021 04:36 PM  |   A+A-   |  

father beaten by son

പ്രതീകാത്മക ചിത്രം/ ഫയൽ

 

തിരുവനന്തപുരം: മൊബൈലില്‍ അസഭ്യ വോയ്സ് മെസ്സേജ് അയച്ചു എന്നാരോപിച്ച് തിരുമലയില്‍ 17കാരനെ മര്‍ദിച്ചതായി പരാതി. തിരുമല തൈവിള പെരുകാവ് രോഹിണിയില്‍ ബിനുകുമാറിന്റെ മകന്‍ അബിനാണ് മര്‍ദനമേറ്റത്. 

എയര്‍ഫോര്‍സില്‍ ജോലി ചെയ്യുന്ന രാജേഷ്, രതീഷ് എന്നീ സഹോദരങ്ങളാണ് മര്‍ദിച്ചത് എന്നാണ് പിതാവ് ബിനുകുമാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ഇന്നലെ രാവിലെയാണ് സംഭവം. പ്രതികളുടെ ഫോണിലേക്ക് അസഭ്യം വിളിച്ച് വന്ന ശബ്ദ സന്ദേശം അബിന്‍ ആണ് അയച്ചത് എന്നാരോപിച്ചാണ് മര്‍ദനം. ബന്ധു വീട്ടില്‍ ആയിരുന്ന അബിനെ പ്രതികള്‍ കൂട്ടികൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു. 

താന്‍ അല്ല വോയിസ് സന്ദേശം അയച്ചത് എന്ന് പറയുകയും ഇതിനെ ചൊല്ലി ഇരു വിഭാഗവും തമ്മിലുണ്ടായ തര്‍ക്കംമര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. പതിനേഴുകാരനെ മര്‍ദിക്കുന്നതും നിലത്ത് ഇട്ട് ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് പരിസരത്ത് നിന്നവര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ചു മാറ്റിയത്.

മര്‍ദനത്തെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട  അബിനെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്തു.