'വി എം സുധീരനെ കാണും; രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും'; അനുനയ നീക്കവുമായി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 10:41 AM  |  

Last Updated: 26th September 2021 10:41 AM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍/ഫയല്‍

 

തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്. അദ്ദേഹം രാജിവച്ചത് ഏത് സാഹചര്യത്തില്‍ ആണെങ്കിലും അത് പിന്‍വലിക്കണമെന്ന് കെപിസിസി നേരിട്ട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ കേള്‍ക്കും. അത് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ പരിഹരിക്കും. അദ്ദേഹത്തെ ഉള്‍ക്കൊണ്ടുപോകണം എന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വി എം സുധീരനുമായി നേരിട്ട് ചര്‍ച്ച നടത്തും. അദ്ദേഹത്തിന് സാഹചര്യമുണ്ടെങ്കില്‍ ഇന്ന് തന്നെ കാണും. രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉണ്ടാകേണ്ടത്് അനിവാര്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സുധീരന്റെ രാജി വാസ്തവത്തില്‍ നിര്‍ഭാഗ്യകരമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പറഞ്ഞു. നേതൃത്വം അദ്ദേഹവുമായി സംസാരിച്ച് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹാരമുണ്ടാക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.