റബ്ബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി; ജാമ്യലിറങ്ങി മുങ്ങി; 'പിടികിട്ടാപ്പുള്ളിയെ' എട്ടുവര്‍ഷം കഴിഞ്ഞ് പിടികൂടി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 07:28 PM  |  

Last Updated: 27th September 2021 07:28 PM  |   A+A-   |  

youth arrested

പ്രതീകാത്മക ചിത്രം


കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ  പിടിക്കിട്ടാപുള്ളിയെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. താമരശ്ശേരി അമ്പായത്തോട് സ്വദേശിയായ മുരുകന്‍ എന്ന മുരുകേഷിനെ(26) യാണ് താമരശ്ശേരി സിഐ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

താമരശ്ശേരി കോരങ്ങാട് കൊക്കവേരുമ്മല്‍ പി കെ എസ്‌റ്റേറ്റിലെ റബര്‍പ്പുരയുടെ വാതില്‍ തകര്‍ത്ത് റബ്ബര്‍ ഷീറ്റുകളും 200 കിലോഗ്രാം ഒട്ടുപാലും മോഷ്ടിച്ച് വിലപ്പന നടത്തിയ കേസില്‍ മുരുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുരുകേഷ് കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി തിരൂര്‍, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ വാടക വീടെടുത്ത് ഒളിവില്‍ താമസിച്ചു വരുകയായിരുന്നു. 2013 ഒക്ടോബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മുരുകേഷിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സ്വര്‍ണ്ണക്കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരുകേഷ് ഒളിവില്‍ കഴിഞ്ഞ വീടിനെകുറിച്ച് പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ താമരശ്ശേരി ചുങ്കത്ത് നിന്നുമാണ് ഇയാളെ  അറസ്റ്റ് ചെയ്തത്.