തലയിലും നെഞ്ചിലും തേനീച്ചയുടെ കുത്തേറ്റു; കർഷകൻ മരിച്ചു, മകന്റേയും സഹോദരന്റേയും നില അതീവ ​ഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 08:41 AM  |  

Last Updated: 27th September 2021 08:41 AM  |   A+A-   |  

bees

പ്രതീകാത്മക ചിത്രം

 

പാലക്കാട്; പാടത്തു ജോലി ചെയ്യുന്നതിനിടെ കർഷകൻ തേനീച്ചയുടെ കുത്തേറ്റു മരിച്ചു. രാമശ്ശേരി കോവിൽപ്പാളയം ഊറപ്പാടം ശാന്തി നിവാസിൽ സുകുമാരൻ (78) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാരും തേനീച്ചയുടെ ആക്രമണത്തിന് ഇരയായി. മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്. 

മകൻ സുധീപ് (36), സഹോദരൻ രാമചന്ദ്രൻ (71) എന്നിവർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ രാമൻ (40), സഹദേവൻ(38) എന്നിവർക്കും കുത്തേറ്റെങ്കിലും ഇവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നതിനാൽ പരുക്കു ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം. പാടത്തു പുല്ലുവെട്ടാനാണ് ഇവർ എത്തിയത്.  

രാമനും സഹദേവനും പുല്ലു വെട്ടുന്നതിനിടെ തൊട്ടപ്പുറത്തായി സുകുമാരനും രാമചന്ദ്രനും മകൻ സുധീപും മറ്റു പണികളിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെയാണു കുറ്റിക്കാടുകൾക്കിടയിൽനിന്നു തേനീച്ചക്കൂട്ടം ഇളകിയത്. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നതിനാൽ രാമനും സഹദേവനും തലയ്ക്കു കുത്തേറ്റില്ല. എന്നാൽ മറ്റു മൂവർക്കും തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റു. ഇവരുടെ ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരനെ രക്ഷിക്കാനായില്ല. രാമചന്ദ്രന്റെയും സുധീപിന്റെയും തലയ്ക്കാണു പരുക്ക്. രാമചന്ദ്രൻ കർഷകനാണ്. സുധീപ് കോയമ്പത്തൂർ കരൂർ വൈശ്യ ബാങ്ക് ഉദ്യോഗസ്ഥനാണ്.