ഇന്ന് ഭാരത് ബന്ദ് ; കേരളത്തിൽ ഹർത്താൽ; കെഎസ്ആർടിസി അത്യാവശ്യസർവീസുകൾ മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 06:32 AM  |  

Last Updated: 27th September 2021 06:32 AM  |   A+A-   |  

harthal in alappuzha

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. 

ഹർത്താലിന് എൽഡിഎഫും ദേശീയ പണിമുടക്കിന് യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

കെഎസ്ആർടിസി അത്യാവശ്യസർവീസുകൾ മാത്രമാകും നടത്തു. സാധാരണസർവീസുകൾ ഉണ്ടായിരിക്കില്ല. ആശുപത്രികൾ,റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം അയക്കും.

വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ അധിക ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

വാഹനങ്ങൾ പൊതു നിരത്തിലിറക്കരുതെന്നും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽഡിഎഫ്. കൺവീനർ എ വിജയരാഘവനും ആവശ്യപ്പെട്ടു. ഹർത്താൽ സമാധാ‍നപരമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും സമരസമിതി ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു