മോന്‍സനുമായി ബന്ധമുണ്ട്; ആറ് തവണ വീട്ടില്‍ പോയിട്ടുണ്ട്; തട്ടിപ്പിനെ കുറിച്ച് ഒന്നും അറിയില്ല; വിശദീകരണവുമായി കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 01:59 PM  |  

Last Updated: 27th September 2021 02:18 PM  |   A+A-   |  

K_SUDJAKARAN

കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ

 

കണ്ണൂര്‍: മോന്‍സനുമായുള്ള ഇടപാടുകളില്‍ ഇടനില നിന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരോപണത്തിന് പിന്നിലുള്ള കറുത്ത ശക്തി മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാ്ര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തനിക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു പങ്കുമില്ല. മോന്‍സനെ അഞ്ചോ ആറോ തവണ  കണ്ടിട്ടുണ്ട്. മോന്‍സനുമായി ബന്ധമുണ്ട്. ഡോക്ടറെന്ന നിലയ്ക്കാണ് കാണാന്‍ പോയത്. അവിടെ ചെന്നപ്പോഴാണ് വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ കാണാനിടയായിത്. പുരാവസ്തുക്കളുടെ വലിയ ശേഖരം തന്നെ അവിടെ ഉണ്ട്. അദ്ദേഹത്തെ കാണാന്‍ പോയി എന്നതിലപ്പുറം പരാതിയില്‍ പറയുന്ന ആരുമായി തനിക്ക് ഒരുബന്ധവുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. 

പരാതിക്ക് പിന്നില്‍ കറുത്ത ശക്തിയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നാല് തവണ വിളിച്ചതായി പരാതിക്കാരന്‍ തന്നെ പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ഗൂഢാലോചയില്ലേ?. കരുണാകരന്‍ ട്രസ്റ്റിന്റെ പതിനെട്ട് കോടി തട്ടിയെടുത്ത് എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്തായി. തെളിവ് ഒന്നും ഇല്ലാത്തതിനാല്‍ പരാതിക്കാരനെ ഡിഐജി അദ്ദേഹത്തെ തെറിവിളിച്ചതായാണ് എനിക്ക് വിവരം കിട്ടിയത്. പരാതിക്കാരന്‍ പറയുന്നത് താന്‍ എംപിയായപ്പോള്‍ ഇടപെട്ടന്നാണ്. 2018ല്‍ താന്‍ എംപിയല്ലെന്നും ഒരു ഫിനാന്‍സ് കമ്മറ്റിയിലും താന്‍ അംഗമായിട്ടില്ലെന്നു സ ുധാകരന്‍ പറഞ്ഞു.

എന്നോട് സംസാരിച്ചു എന്ന പറയുന്ന കക്ഷി കറുത്തിട്ടോ, വെളുത്തിട്ടോ എന്നെനിക്ക് അറിയില്ല. അങ്ങനെ ഒരു സിറ്റിങ്ങോ, ചര്‍ച്ചയോ  മോന്‍സിന്റെ വീട്ടില്‍ വച്ചിട്ട് ഒരുകാലത്തും നടന്നിട്ടില്ല. 22ാം തീയതിയാണ് സംസാരിച്ചതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. തന്റെ സഹപ്രവര്‍ത്തകനായ ഷാനവാസ് മരിച്ചത് 21നാണ്. 22ന് സംസ്‌കാരവും അനുശോചനവും കഴിഞ്ഞ് നാല് മണി കഴിഞ്ഞാണ് മരണവീട്ടില്‍ നിന്ന് പോയത്. താനാണ് സുധാകരനെങ്കില്‍ താന്‍ അന്ന് ഷാനവാസിന്റെ വീട്ടില്‍ ഉണ്ടെന്നത് പൊതുരേഖയാണ്. ആരോപണത്തിന് പിന്നില്‍ പരാതിക്കാരനല്ല. എന്നെ വേട്ടയാടുന്ന ഒരു കറുത്ത ശക്തിയാണെന്നും സുധാകരന്‍ പറഞ്ഞു.

പത്തുദിവസം മോന്‍സന്റെ വീട്ടില്‍ പോയി താമസിച്ചെന്നാണ് പറയുന്നത്. 
അന്യന്റെ വീട്ടില്‍ പോയി താമസിക്കുന്ന പതിവ് എനിക്കില്ല. ഒരിക്കലും സ്‌നേഹിതന്റെ വീട്ടില്‍ താമസിക്കുന്ന സ്വഭാവം തനിക്കില്ല. മോന്‍സനുമായി ബന്ധമുണ്ട്. അവിടെ ഒരു മണിക്കൂറിലധികം താന്‍ നിന്നിട്ടില്ല. കെപിസിസി പ്രസിഡന്റായതിന് ശേഷം തന്നെ ഒരു തവണ കെപിസിസി ഓഫീസില്‍ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു വിഷയവും തന്നോട് പറഞ്ഞിട്ടില്ലെന്നും താന്‍ ഇടപെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. എവിടെയെങ്കിലും ഇടപെട്ടെന്ന് ആധികാരികമായ രേഖ മുന്നില്‍ വച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തി ക്ഷമപറഞ്ഞ് ഈ കളത്തോട് വിടപറയുമെന്ന് സുധാകരന്‍ പറഞ്ഞു.