കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ താമസിച്ചു, 10 ദിവസം ചികില്‍സ നടത്തി ; പണം നല്‍കിയത് എംപിയുടെ ഉറപ്പിലെന്ന് പരാതിക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 11:27 AM  |  

Last Updated: 27th September 2021 11:45 AM  |   A+A-   |  

Monson with K Sudhakaran

കെ സുധാകരനൊപ്പം മോന്‍സന്‍ മാവുങ്കല്‍ / ഫെയ്‌സ്ബുക്ക് ചിത്രം

 

കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള ചിത്രം പുറത്തു വന്നു. ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റുമുണ്ട്. സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാര്‍ പരാതിയില്‍ ആരോപിക്കുന്നു.

കോസ്‌മെറ്റോളജിസ്റ്റ് എന്നുപറഞ്ഞ് കെ സുധാകരനെ മോന്‍സന്‍ ചികില്‍സിച്ചിരുന്നു. പത്തു ദിവസം മോന്‍സന്റെ വീട്ടില്‍ താമസിച്ചായിരുന്നു ചികില്‍സ. ഫെമ നിയമപ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാനായി കെ സുധാകരന്‍ എംപിയുടെ സാന്നിധ്യത്തില്‍ പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ കൈമാറിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് കലൂരിലെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ചാണ് പണം കൈമാറിയത്. ആ സമയത്ത് സുധാകരന്‍ അവിടെയുണ്ടായിരുന്നു. ഡല്‍ഹിയിലെ വിഷയങ്ങളില്‍ ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് എംപി ഉറപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്നും പരാതിക്കാരന്‍ സൂചിപ്പിക്കുന്നു. അതേസമയം 2018 ല്‍ കെ സുധാകരന്‍ എംപിയായിരുന്നില്ല. 2019 ലാണ് കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ജയിച്ച് എംപിയായത്.

മോന്‍സനുമായി പരിചയമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോമസണ്‍ പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ പരിപാടിയിലാണ് മോന്‍സനെ പരിചയപ്പെട്ടത്. തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. മോന്‍സന്റെ പുരാവസ്തുകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിചയമുണ്ടോ എന്നും മോന്‍സന്‍ ചോദിച്ചിരുന്നതായി ജിജി തോംസണ്‍ വ്യക്തമാക്കി. 

നേരത്തെ ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം എന്നിവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഡിഐജി എസ് സുരേന്ദ്രന്റെ വീട്ടിലെ പാര്‍ട്ടിക്കിടെ മോന്‍സന് പണം കൈമാറിയിരുന്നതായി മറ്റൊരു പരാതിക്കാരന്‍ യാക്കൂബും വെളിപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപ മോന്‍സണു നല്‍കിയത് സുരേന്ദ്രന്റെ വീട്ടില്‍ വെച്ചാണ്. തന്റെ ചില സംശയങ്ങള്‍ മോണ്‍സന്‍ തീര്‍ത്തത് സുരേന്ദ്രനെ കൊണ്ട് സംസാരിപ്പിച്ചാണെന്ന് യാക്കൂബ് പറയുന്നു.