ടിപ്പുവിന്റെ സിംഹാസനം 'ചേര്‍ത്തല'യില്‍ ഉണ്ടാക്കിയത് ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; പാര്‍ട്ടിയില്‍ സിനിമാ നടിമാരുടെ നൃത്തം ; മോന്‍സനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മലയാള സിനിമയിലെ യുവ നടീ, നടൻമാരുൾപ്പെടെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നു
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മോന്‍സന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി : പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തല്‍. ഒരു മുന്‍ ഐജിയുമായി മോന്‍സന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മോന്‍സനെതിരായ കേസില്‍ ഐജി ഇടപെട്ട് അന്വേഷണം മാറ്റി. 

ചേര്‍ത്തലയിലെ കേസിലാണ് പരാതിക്കാരുടെ മുന്നില്‍ വെച്ച് മോന്‍സന്‍ ഐജിയെ വിളിച്ചത്. 2020 ഒക്ടോബര്‍ 9നായിരുന്നു സംഭവം.  ജില്ലാ പൊലീസ് സൂപ്രണ്ട് മോന്‍സനെതിരായ രണ്ടു കേസുകളുടെഅന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മോന്‍സന്റെ ആവശ്യപ്രകാരം, കേസന്വേഷണ ചുമതല ചേര്‍ത്തല എസ്എച്ച്ഒവിന് കൈമാറാന്‍ ഐജി നിര്‍ദേശിച്ചു. 

അടുത്തിടെ വിരമിച്ച ഒരു ഡിഐജിയുമായും മോന്‍സണ് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചു. ഇവരുമായുള്ള ബന്ധം മോന്‍സന്‍ കോടികളുടെ തട്ടിപ്പിന് മറയാക്കുകയായിരുന്നു. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നാഗാലാന്‍ഡ് ഡിജിപിയുടെ പേരിലുള്ള കാറിലാണ് മോന്‍സന്‍ യാത്ര ചെയ്തത്. സിവില്‍ സര്‍വീസിലെയും സിനിമയിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി മോന്‍സന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

മോന്‍സന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തില്‍ നല്ലൊരു പങ്കും വ്യാജനായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ടിപ്പുസുല്‍ത്താന്റെ സിംഹാസനം എന്ന് അവകാശപ്പെട്ടത് ചേര്‍ത്തലയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത പല വസ്തുക്കളും തിരുവനന്തപുരത്തെ ആശാരിയാണ് നിര്‍മ്മിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ്പി എം ജെ സോജന്‍ പറഞ്ഞു. 

സ്വര്‍ണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയിലെല്ലാം ആലേഖനം ചെയ്ത പുണ്യഗ്രന്ഥങ്ങള്‍. രാജ്യത്തെ ആദ്യ ടെലിഫോണും ഫാനും മൈസൂര്‍ രാജാവില്‍നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും പക്കലുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇരുമ്പ് സീല്‍, 4500 വര്‍ഷം പഴക്കമുള്ള കല്ലില്‍ തീര്‍ത്ത ദാരുശില്പം, ശ്രീനാരായണ ഗുരുവിന്റെ ഊന്നുവടി, 650 കിലോ പഞ്ചലോഹം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ നന്ദി ശില്പം, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, 30 കോടി രൂപ വിലവരുന്ന വാച്ച് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വ്യാജവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ആളുകളെ പറ്റിച്ചിരുന്നത്.

ആഡംബര ജീവിതമായിരുന്നു മോൻസൻ മാവുങ്കൽ നയിച്ചിരുന്നത്. തന്റെ ഇടപാടുകാരെ ഇടയ്ക്കിടെ ഡൽഹിയിലും ഹൈദരാബാദിലും ബെംഗളൂരുവിലും കൊണ്ടുപോയിരുന്നു. മലയാള സിനിമയിലെ യുവ നടീ, നടൻമാരുൾപ്പെടെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നു. പാർട്ടികൾക്കു നൃത്തം ചെയ്യാൻ നടിമാർ എത്തിയിരുന്നു. ഇവർക്കൊപ്പംനിന്നു ചിത്രങ്ങളും വിഡിയോയും പകർത്തുന്നതും മോൻസന് ഹരമായിരുന്നു.

അടുത്ത സൗഹൃദ വലയത്തിൽപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ചില എംപിമാരുണ്ട്.  ഒരു എംപി മോൻസനിൽ  നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതിന് തങ്ങൾ സാക്ഷികളാണെന്ന് പരാതിക്കാ‍ർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.  പരാതിക്കാരിൽ ഏറ്റവുമധികം പണം നഷ്ടപ്പെട്ട അനൂപിന്റെ കയ്യിൽനിന്നാണ് ഈ പണം വാങ്ങി എംപിക്കു നൽകിയത്. പോര്‍ഷെ അടക്കം 30ഓളം കാറുകളാണ് ഇയാൾക്കുള്ളത്. കാവലിന് അംഗരക്ഷകര്‍. പുരാവസ്തുക്കളെന്ന് അവകാശപ്പെടുന്നവ മോഷണം പോകാതിരിക്കാന്‍ വിദേശനായ്ക്കളെയും വളര്‍ത്തിയിരുന്നു. പൊലീസിലെ തന്നെ ചില ഉദ്യോഗസ്ഥരും മോന്‍സനിന്റെ തട്ടിപ്പിനിരയായതാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com