കൃത്യമായ രേഖകളില്ല, പരസ്പര വിരുദ്ധമായ മറുപടികൾ; ആലപ്പുഴയിൽ സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തി 

കൃത്യമായ രേഖകളില്ല, പരസ്പര വിരുദ്ധമായ മറുപടികൾ; ആലപ്പുഴയിൽ സംശയാസ്പദ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തി 
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ആലപ്പുഴ: സംശയാസ്പദ സാഹചര്യത്തിൽ ആലപ്പുഴയിൽ മത്സ്യ ബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് ആറാട്ടുപുഴ  വട്ടച്ചാൽ തീരത്തു നിന്നു 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നു ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്  നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് പിടികൂടിയത്.

ഇതേത്തുടർന്ന സംശയാസ്പദമായി കാണുന്ന ബോട്ടുകളെ ക്കുറിച്ച് വിവരമറിയിക്കണമെന്ന സന്ദേശം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സപ്പ് ഗ്രൂപ്പിൽ കൈമാറിയിരുന്നു. തുടർന്ന്  മത്സ്യതൊഴിലാളികൾ  നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്. 

മത്സ്യ ബന്ധനത്തിന് വൈപ്പിനിൽ നിന്നു മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യതൊഴിലാളികൾ കണ്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നു തമിഴ്‌നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റുന്നതിന് പോകുകയാണെന്നായിരുന്നു തൊഴിലാളികൾ പോലീസിനോട് പറഞ്ഞത്.

കോസ്റ്റൽ പോലീസ് എസ്ഐ എ മണിലാൽ  ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന്  ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com