കുരുതിക്കളമായി റോഡ്; സംസ്ഥാനത്ത് ഏഴ് അപകടങ്ങൾ; പത്ത് മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 07:52 PM  |  

Last Updated: 27th September 2021 07:52 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

മലപ്പുറം: സംസ്ഥാനത്ത് ഏഴ് അപകടങ്ങളിൽ പത്ത് പേർ മരിച്ചു. കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. ഏഴ് പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് നാല് അപകടങ്ങളിലായി അഞ്ച് പേരാണ് മരിച്ചത്. കോട്ടയത്ത് രണ്ടിടങ്ങളിലായി  മൂന്ന് പേരും മരിച്ചു. പൊന്നാനി - ചാവക്കാട് ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കരായ കടവനാട് സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. 

ഗുരുവായൂരിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ആന്ധ്രയിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയിരുന്നു ലോറിയിലാണ് ഇടിച്ചത്. അപകടത്തിൽപ്പെട്ടവരുമായി പോയ ആംബുലൻസ് പുതുപ്പൊന്നാനിയിൽ വച്ച് മറിഞ്ഞത് രക്ഷാപ്രവർത്തനത്തേയും ബാധിച്ചു. 

വണ്ടൂരിൽ പിന്നോട്ട് എടുത്ത ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തിരുവാലിയിലെ കെ.എസ്.ഇ.ബി ലൈൻമാൻ മേലേകോഴിപ്പറമ്പ് എളേടത്തുപടിയിലെ ഹരിദാസനാണ് മരിച്ചത്. പൊന്നാനി പുഴമ്പ്രത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച്  പൊന്നാനി എൻസിവി നെറ്റ് വർക്കിലെ മാധ്യമ പ്രവർത്തകൻ വിക്രമനാണ് മരിച്ചത്.

കോട്ടക്കൽ കോഴിച്ചെനയിൽ മിനി ലോറിയും കാറും ഇടിച്ച്  മുന്നിയൂർ സ്വദേശി റഷീദിന്റെ ഒരുമാസം പ്രായമുള്ള മകൾ ആയിഷയും മരിച്ചു. ഈ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം മണിമലയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ കാറിടിച്ച് ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ, രേഷ്മ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. 

വൈക്കത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ്  പൊതി മേഴ്സി ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി സനജ മരിച്ചു. പരുക്കേറ്റ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.  തൃശൂർ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചാണ്  കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ  എന്നിവർ മരിച്ചത്. കരുവാൻകാട് സ്വദേശികളായ വിജീഷ്, ജിസ്മോൻ എന്നിവർക്ക് സാരമായി പരിക്കേറ്റു.